സാംക്രമിക രോഗങ്ങള്‍ക്കെതിരായ ജാഗ്രത
കോട്ടയം: കോവിഡ് പ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം വീടും പരിസരവും ശുചിയായി സൂക്ഷിച്ച് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു.
അഴുകുന്ന മാലിന്യങ്ങള്‍ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളില്‍ നിക്ഷേപിക്കുകയോ കുഴിയെടുത്ത് അതില്‍ നിക്ഷേപിച്ച് കമ്പോസ്റ്റാക്കി മാറ്റുകയോ ചെടികളുടെ ചുവട്ടിലിട്ട് മണ്ണുകൊണ്ട് മൂടുകയോ ചെയ്യണം.
അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് ചെളി പുരണ്ടവ കഴുകി വൃത്തിയാക്കി ഉണക്കി ചാക്കില്‍ കെട്ടി സൂക്ഷിക്കണം. ഇങ്ങനെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ചില്ലുകള്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവ ആക്രി കച്ചവടക്കാര്‍ക്കോ ഹരിത കര്‍മ്മ സേനയ്ക്കോ കൈമാറാം.
വീടുകളിലെ ജലസംഭരണികള്‍ വലയിട്ട് വൃത്തിയായി സൂക്ഷിക്കണം. ചെടിച്ചട്ടികള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ചിരട്ടകള്‍ തുടങ്ങിയവയിലും കുഴികളിലും ഉള്‍പ്പെടെ വീട്ടു പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാവൂ. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാസ്ക്, ഗ്ലൗസ്, ഗംബൂട്ട് തുടങ്ങിയ വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍ ഉപയോഗിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.