കർണാടകയിലെ മംഗലാപുരത്തുള്ള കാൻസർ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃകയായിരിക്കുകയാണ് സംസ്ഥാന യുവജനകമ്മീഷൻ. ഒറ്റപ്പാലത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് എത്തിക്കാനാവുമോ  എന്ന് ചോദിച്ചാണ് യുവജനകമ്മീഷന്റെ ഹെൽപ്ലൈൻ നമ്പറിലേക്ക് കർണാടക സ്വദേശിയായ മാധുരി ബോലാർ വിളിച്ചത്. യുവജന കമ്മീഷൻ  രോഗികൾക്ക് മരുന്ന് എത്തിക്കുന്ന വാർത്ത ശ്രദ്ധയിൽപെട്ടാണ് സഹായത്തിന് വിളിച്ചത്.

കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ പ്രവർത്തകർ മരുന്ന് മറ്റെവിടെയും കിട്ടാത്തതിനാൽ ഒറ്റപ്പാലത്ത് നിന്ന്  വാങ്ങി എത്തിക്കുകയല്ലാതെ മറ്റു മാർഗമില്ല എന്നു മനസ്സിലാക്കി. മെഡിക്കൽസ്റ്റോറുമായി ബന്ധപ്പെട്ട് ലഭ്യത ഉറപ്പാക്കി. തുടർന്ന് ഷൊർണുർ ഫയർ ഫോഴ്സ് ഓഫിസിൽ വിളിച്ചു സ്റ്റേഷൻ ഓഫിസറുമായി കാര്യങ്ങൾ സംസാരിച്ചു.  ഫയർഫോഴ്സ് മരുന്ന് തോൽപ്പട്ടി ബോർഡറിൽ എത്തിച്ചു. യുവജനകമ്മീഷൻ യൂത്ത് ഡിഫെൻസ് ഫോഴ്‌സ് സന്നദ്ധസേവകർ സമാഹരിച്ച മരുന്ന് ദൗത്യസംഘം കേരളത്തിലെ വിവിധ പ്രദേശത്ത് നാനൂറിലധികം ക്യാൻസർ രോഗികൾക്ക് എത്തിച്ച് കഴിഞ്ഞു.

കേരള ഫയർ ആൻഡ് റെസ്‌ക്യു സർവ്വീസസ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രന്റെയും കേരള സംസ്ഥാന യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെയും നേതൃത്വത്തിലാണ് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.