ആലപ്പുഴ: ഏപ്രില്‍ 20ന് ശേഷം ജില്ലയില്‍ ലോക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജാഗ്രത തുടരണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ല കളക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് 19 അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചി നിര്‍ദ്ദേശം നല്‍കിയത്. ജില്ല കളക്ടര്‍ എം. അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോവിഡ് 19 വൈറസ് ബാധയുടെ അടിസ്ഥാനത്തില്‍ ജില്ലയെ ഓറഞ്ച് ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പടെ അനാവശ്യമായി നിര്‍ത്തിയിടരുതെന്നും വഴിയോര കച്ചവങ്ങള്‍ റോഡില്‍ നിന്നും മാറ്റി വേണം നടത്താനെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ ആളുകള്‍ അനാവശ്യമായി റോഡിലിറങ്ങുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇളവ് പ്രഖ്യാപിച്ചാലും ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ലോക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 5925 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 6413 പേരെ അറസ്റ്റ് ചെയ്തു. 3046 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു. 852 വാഹനങ്ങള്‍ ഇതുവരെ വിട്ടുകൊടുത്തിട്ടുണ്ട്.

ജില്ലയിലെ പ്രധാന മത്സ്യ- പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും. ഏപ്രില്‍ 20ന് ശേഷവും ജനങ്ങള്‍ കൃത്യമായ മുന്‍കരുതലുകളെടുത്ത് മാസ്‌ക് ധരിച്ച് സുരക്ഷിത അകലം പാലിച്ച് വേണം പുറത്തേക്കിറങ്ങാനെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ആരോഗ്യ മേഖല:
ഇന്നലത്തെ (17.04.2020) കണക്കനുസരിച്ച് 5341 പേരാണ് കോവിഡ് സംബന്ധിച്ച് നിരീക്ഷണത്തിലുള്ളതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ആകെ 12,500 പേരെയാണ് ഇതുവരെ നിരീക്ഷിച്ചത്. ജില്ലയില്‍ അഞ്ച് പേരില്‍ രോഗ ബാധ കണ്ടെത്തുകയും മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ രണ്ട് പോസിറ്റീവ് കേസുകളാണ് ജില്ലയിലുള്ളത്.

വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ല മെഡിക്കല്‍ ഓഫീസും മെഡിക്കല്‍ കോളജും തമ്മിലുള്ള ഏകോപനം വളരെ മികച്ചതാണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച രോഗിയിയില്‍ നിന്ന് സമ്പര്‍ക്കം വഴി ഒരു കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല. സമൂഹ വ്യാപനവും ജില്ലയിലില്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രോഗബാധിതരെ പരിചരിക്കുന്നതിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ 24 ഐസൊലേഷന്‍ മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ 15 വെന്റിലേറ്റര്‍ സൗകര്യമുള്‍പ്പടെ 26 ഐസൊലേഷന്‍ മുറികളാണ് ഒരുക്കുക.

മൂന്നാം ഘട്ടത്തില്‍ ആവശ്യമെങ്കില്‍ 738 ബെഡുകളും 140 ഐ.സി.യുകളും ഒരുക്കുമെന്ന് വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി ഓപ്പണ്‍- എയര്‍ ഐ.സി.യുകളാണ് ഒരുക്കുക. ഇതിനായി ആശുപത്രിയുടെ ഒരു നില പൂര്‍ണ്ണമായി വിനിയോഗിക്കും.

വയോജനങ്ങളുടെ കണക്കെടുപ്പ്
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളുടേയും കണക്ക് ശേഖരിച്ചു വരുന്നുവെന്ന് മന്ത്രി അറിയിച്ചു. ആവശ്യമെങ്കില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ഉള്‍പ്പടെ നടത്താനാണ് ഇത്തരത്തില്‍ കണക്കുകള്‍ ശേഖരിച്ചത്.

സാമൂഹ്യ നീതി ഓഫീസറുടെ നേതൃത്വത്തിലാണ് വയോജനങ്ങളുടെ കണക്കെടുത്തത്. ഇതുവരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 2,43,617 പേരാണ് ഉള്ളത്. ഇതില്‍ 31,841 പേരുടെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരാണ്. 27,297 പേര്‍ കാന്‍സര്‍, ഹൃദ്രോഗം പോലുള്ള ഗുരുതര രോഗങ്ങളുള്ളവരാണ്.

ഐസൊലേഷനായി ഹൗസ് ബോട്ടും:
രാജ്യത്ത് തന്നെ ആദ്യമായി ഒരു ജില്ല വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഹൗസ് ബോട്ടുകളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍. ഇത്തരത്തില്‍ നൂതനമായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു വന്നതിന് ജില്ല ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. ഹൗസ് ബോട്ടില്‍ കോവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിക്കുന്ന സാഹചര്യത്തില്‍ വെയ്‌സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, ശുചിമുറി മാലിന്യം എന്നിവ സംസ്‌കരിക്കാന്‍ പ്രത്യേകം രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ഹൗസ് ബോട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നവര്‍ക്ക് കളക്ടറുടെ നേതൃത്വത്തില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വഴി ഭക്ഷണം എത്തിച്ച് നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വിദേശത്ത് നിന്നും മടങ്ങി എത്തിയവര്‍, അന്യസംസ്ഥാനത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ എന്നിവരെയാണ് ഹൗസ് ബോട്ടുകളില്‍ പാര്‍പ്പിക്കുന്നതിന് പരിഗണന നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

സ്വന്തം വീടുകളില്‍ സൗകര്യമുള്ളവരെ സാധ്യമെങ്കില്‍ അവിടെ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവാദം നല്‍കും. 1500 മുതല്‍ 2000 വരെ ഐസൊലേഷന്‍ ബെഡ്ഡുകള്‍ ഹൗസ് ബോട്ടുകളിലായി സ്ഥാപിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം ഇതിന്റെ മോക്ക് ഡ്രില്‍ വിജയകരമായി നടത്തി. ഹൗസ് ബോട്ടുകള്‍ ഒന്നിച്ച് ഒരു സ്ഥലത്ത് പാര്‍ക് ചെയ്താണ് ഐസൊലേഷന്‍ ബെഡ്ഡുകള്‍ സ്ഥാപിക്കുന്നത്.

ഗൃഹസന്ദര്‍ശനം:
ജില്ലയില്‍ മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 16വരെ ബോധവത്ക്കരണത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 60,924 വീടുകള്‍ സന്ദര്‍ശിച്ചതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ 1384 വാര്‍ഡുകളില്‍ ഗൃഹ സന്ദര്‍ശനം നടത്തുന്നതിനായി 13,840പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

ആശാ പ്രവര്‍ത്തക, ആരോഗ്യ പ്രവര്‍ത്തക എന്നിവരടങ്ങുന്ന 10 പേര്‍ അടങ്ങുന്ന സംഘമാണ് ഓരോ വാര്‍ഡിലും പരിശോധന നടത്തുന്നത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് പ്രതിദിനം ശരാശരി 70 സന്ദര്‍ശനങ്ങളാണ് നടത്തുന്നത്.

സൗജന്യ കിറ്റ് വിതരണം:
ജില്ലയില്‍ ഇതുവരെ 39,543 എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റുകള്‍ വിതരണം ചെയ്തു. ആകെ 40,641 എ.എ.വൈ കാര്‍ഡ് ഉടമകളാണ് ജില്ലയിലുള്ളത്. ബാക്കി കിറ്റുകളുടെ വിതരണം നടന്നു വരികയാണ്.