എറണാകുളം : ജില്ലയിൽ ലോക്ക് ഡൗൺ പിൻവലിച്ചാലും നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ജനജീവിതം ഉടനെ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രചരണം ശരിയല്ല.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വാർത്ത സമ്മേളനത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്ക് അനുസരിച്ചു കോവിഡ് പ്രതിരോധ നിബന്ധനകൾ പാലിച്ചു കൊണ്ട് മാത്രമേ ഇളവുകൾ നൽകു. അന്തർ ജില്ലാ യാത്രകൾക്കും പൊതു ഗതാഗത സംവിധാനത്തിനും ജില്ലയിൽ നിയന്ത്രണം ഉണ്ടാകും.
നിലവിൽ ജില്ലയിൽ മട്ടാഞ്ചേരിയിലെ ചുള്ളിക്കൽ പ്രദേശമാണ് ആരോഗ്യവകുപ്പ് ഹോട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുള്ളത്. ലോക്ക് ഡൗൺ പിൻവലിച്ചാലും ഇവിടെ കാര്യങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമേ ഇളവുകൾ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിൽ മരുന്നിന്റെ ക്ഷാമത്തിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ഇതര രോഗങ്ങളുടെ വ്യാപനം ഈ ഘട്ടത്തിൽ ശ്രദ്ധയോടെ പരിഗണിക്കണം. 2000 ഓളം സന്നദ്ധരായ ആരോഗ്യ പ്രവർത്തകർ അതിനായി മുന്നിട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരു ഘട്ടത്തിൽ 18707 പേർ ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 378 പേർ മാത്രമാണുള്ളത്.
ആശുപത്രിയിൽ നിന്ന് രണ്ട് പേരെ ഡിസ്ചാർജ് ചെയ്യുന്നതോടു കൂടി ജില്ലയിലെ ആകെ രോഗികൾ മൂന്നായി കുറയും.
24ന് ശേഷം അടിയന്തര നിർമാണ ജോലികൾ ആരംഭിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും ജോലികൾ നടത്തുക എന്നും മന്ത്രി പറഞ്ഞു.
ടെലി മെഡിസിൻ സംവിധാനവും ഗുരുതര രോഗമുള്ളവരെ വീടുകളിൽ സന്ദർശിക്കാൻ ഉള്ള സംവിധാനവും ജില്ലയിൽ ക്രമീകരിച്ചിട്ടുണ്ട്. 120 വാഹനങ്ങളും അതിനായി ഒരുക്കിയിട്ടുണ്ട്.
കളക്ടർ എസ്. സുഹാസ്, എസ്.പി കെ കാർത്തിക്, സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ കുട്ടപ്പൻ, ഡി സി പി ജി. പൂങ്കുഴലി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.