എറണാകുളം: കഥകളി വേഷങ്ങളില്‍ പച്ചയും കത്തിയുമാണ് വിശ്രുത വിജയകുമാറിനിഷ്ടം. എന്നാല്‍ ജീവിതത്തില്‍ വിശ്രുത പക്ഷെ കരുണയുടെയും സഹജീവി സ്‌നേഹത്തിന്റെയും യാഥാര്‍ത്ഥ്യമാണ് ഇഷ്ടപ്പെടുന്നത്. അതു കൊണ്ടു തന്നെയാണ് കഴിഞ്ഞ സീസണില്‍ കഥകളിയിലൂടെ ലഭിച്ച തന്റെ സമ്പാദ്യം വിശ്രുത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
വടക്കന്‍ പറവൂര്‍ കാടശ്ശേരില്‍ ജെ.വിജയകുമാറിന്റെയും സിന്ധുവിന്റെയും മകളായ വിശ്രുത ഓറ ഗ്ലോബല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാലര വയസ്സുമുതല്‍ കഥകളി അഭ്യസിക്കുന്ന വിശ്രുത അരങ്ങേറ്റം നടത്തിയത് ഏഴാം വയസ്സിലാണ്.
കോവിഡ് മൂലം നിരവധി അവതരണങ്ങള്‍ നഷ്ടമായെങ്കിലും അതില്‍ നിരാശയൊട്ടുമില്ല ഈ കൊച്ചു മിടുക്കിക്ക്. എത്രയും വേഗം എല്ലാവരും ഈ അവസ്ഥയില്‍ നിന്ന കരകയറണമെന്നു മാത്രമാണ് വിശ്രുതയുടെ ആഗ്രഹം. എറണാകുളം കളക്ടറേറ്റിലെത്തി മന്ത്രി വി.എസ് സുനില്‍കുമാറിന് 10500 രൂപയുടെ ചെക്ക് വിശ്രുത കൈമാറി.
2018 ലെ പ്രളയം തകര്‍ത്ത വടക്കന്‍ പറവൂരില്‍ അച്ഛന്‍ വിജയകുമാറിനൊപ്പം സഹായങ്ങളുമായി എത്തിയിരുന്നു വിശ്രുത. അന്നും തന്റെ കലയില്‍ നിന്ന് നേടിയ സമ്പാദ്യത്തിന്റെ ഒരു വിഹിതം യാതൊരു മടിയും കൂടാതെ മുഖ്യമന്ത്രിയുടെ ദുിതാശ്വാസ നിധിയിലേക്ക് വിശ്രുത കൈമാറിയിരുന്നു. ചില നല്‍കലുകള്‍ തുകകളുടെ വലിപ്പം മൂലമല്ല മറിച്ച് അതു നല്‍കാനുള്ള മനസിന്റെ കരുതല്‍ മൂലമാണ് വ്യത്യസ്തമാവുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരം കരുതലുകള്‍ കോടികള്‍ വിലമതിക്കുന്നതാണെന്നും സാധാരണ ജനങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് വിശ്രുതയുടെ പ്രവര്‍ത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.