അങ്കമാലി: സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം നഗരസഭയും താലൂക്ക് ആശുപത്രിയും ഫിസാറ്റ് എൻജിനീയറിങ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കമ്മ്യൂണിറ്റി മൊബൈൽ മെഡിക്കൽ ക്ലിനിക്കിന്റെ പ്രവർത്തനം തുടങ്ങി. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ മൊബൈൽ ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ചടങ്ങിൽ റോജി എം ജോൺ എം എൽ എ അധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ എം എ ഗ്രേസി ടീച്ചർ, വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പ മോഹൻ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ,നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ നസീമ നജീബ്, ഫിസാറ്റ് ട്രഷറർ സച്ചിൻ ജേക്കബ് പോൾ, പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്, എന്നിവർ പ്രസംഗിച്ചു. രോഗികൾക്കാവശ്യമായ പ്രാഥമിക പരിശോധനകൾ, അവശ്യ മരുന്നുകൾ, ടെലി മെഡിസിൻ, വീഡിയോ കോൺഫ്രൻസ് സംവിധാനം, വിവിധ ബോധ വത്കരണ പരിപാടികൾ തുടങ്ങിവയവയാണ് മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ.

മുതിർന്ന പൗരന്മാർക്കായി കൊറോണ കാലത്തു പ്രത്യേകം തയാറാക്കിയ മൊബൈൽ മെഡിക്കൽ ക്ലിനിക് ഫിസാറ്റിലെ മൊബൈൽ ഫാബ് ലാബ് രൂപാന്തര പെടുത്തിയാണ് നിർമ്മിച്ചത്. മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ നസീമ നജീബിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘവും സാങ്കേതിക സഹായത്തിനായി ഫിസാറ്റിലെ എൻ എസ് എസ് കോ ഓർഡിനേറ്റർ പ്രൊഫ. ജിബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും പ്രവർത്തിക്കുന്നു.

ഓരോ ദിവസവും വിവിധ പഞ്ചായത്തുകളിലെയും നഗര സഭയിലെയും രണ്ടു വാർഡുകൾ കേന്ദ്രികരിച്ചാണ് ക്ലിനിക്ക് പ്രവർത്തിക്കുക . ഓരോ വാർഡിലും ജനപ്രതിനിധികൾ മേൽനോട്ടം വഹിക്കും . വിദഗ്ധചികിത്സ ആവശ്യമുള്ള സന്ദർഭങ്ങളിൽ പ്രഗൽഭ ഡോക്ടർമാർ വീഡിയോ കോൺഫ്രൻസ് വഴി ചികിത്സക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതിന് ക്ലിനിക്കിന്റെ ഭാഗമായി സൗകര്യമുണ്ട്.