ദുരിതം അനുഭവിക്കുന്നവരോടുള്ള കുട്ടികളുടെ കരുതൽ വലുതാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് കോവിഡ് 19 കാലത്ത് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളത്തിൽ നിന്ന് ഒരു ഭാഗം മാറ്റാനുള്ള സർക്കാർ ഉത്തരവ് ചിലർ കത്തിച്ചുവെന്ന വാർത്ത പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വാർത്ത വായിച്ചപ്പോൾ ഓർമയിൽ വന്നത് തിരുവനന്തപുരം വ്‌ളാത്താങ്കര സ്വദേശിയായ ഒമ്പതാം ക്ലാസുകാരൻ ആദർശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളുടെ സംഭാവന സ്വീകരിക്കുന്നത് സംബന്ധിച്ച പ്രോജക്ട് കഴിഞ്ഞ ആഗസ്റ്റിൽ തയ്യാറാക്കി സമർപ്പിച്ച കുട്ടിയാണ് ആദർശ്. അഞ്ചാം ക്ലാസ് മുതൽ മുടക്കമില്ലാതെ സി. എം. ഡി. ആർ. എഫിൽ ആദർശ് സംഭാവന നൽകുന്നു.

വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥന കുട്ടികൾ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കുട്ടികളുടെയെല്ലാം പേരു പറയുന്നത് കുഞ്ഞു മനസുകളുടെ വലിപ്പം ലോകം അറിയണമെന്നതിനാലാണ്.

ഇത്തരത്തിൽ ജനങ്ങളുടെ ദുരിതം മനസിലാക്കി സംഭാവന നൽകുന്ന നിരവധി പേരുണ്ട്. ചായക്കച്ചവടം നടത്തുന്ന കൊല്ലം സ്വദേശിയായ സുബൈദ ആടിനെ വിറ്റു കിട്ടിയ പണത്തിന്റെ ഒരു വിഹിതമായ 5510 രൂപ സംഭാവന നൽകി. കുരുമുളക് വിറ്റ പണം സംഭാവന ചെയ്തവരുണ്ട്. ത്വഗ് രോഗാശുപത്രിയിലെ അന്തേവാസികൾ സ്‌പെഷ്യൽ മീൽ വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

അവരൊന്നും ഇത് ചെയ്യുന്നത് പ്രതിഫലം പ്രതീക്ഷിച്ചല്ല. സഹജീവികളോടു കരുതൽ വേണമെന്ന മാനസികാവസ്ഥയാണ് ആബാലവൃദ്ധം ജനങ്ങളെയും നയിക്കുന്നത്. ഒരേ മനസോടെയാണ് ഉദ്യോഗസ്ഥ വിഭാഗം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് അവർക്ക് നല്ല ഗ്രാഹ്യം ഉണ്ട്. അതിനാൽ സർക്കാർ ആഹ്വാനത്തിന് മുമ്പ് തന്നെ നിരവധി പേർ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചു.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാലാണ് ഉത്തരവിറക്കിയത്. എന്നാൽ അതിനു സമ്മതിക്കില്ല എന്നാണ് ഒരു ന്യൂനപക്ഷത്തിന്റെ കാഴ്ചപ്പാട്. ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പമുണ്ടെന്ന് എതിർക്കുന്നവർ ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.