ബസ് ചാർജ് വർദ്ധന മാർച്ച് ഒന്ന് മുതൽ
സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആർ.ടി.സിയുടെയും നിരക്ക് വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്‌പെയർപാർട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ റിട്ട ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ കൂടി കണക്കിലെടുത്താണ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ട് രൂപയായി വർദ്ധിക്കും. മാർച്ച് ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനയില്ല. മിനിമം ചാർജ്ജിനു ശേഷമുളള നിരക്കിൽ വർദ്ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാർത്ഥികൾക്കും കൂടും. ഇങ്ങനെ വർദ്ധിപ്പിക്കുമ്പോൾ അമ്പത് പൈസ വരെയുളള വർദ്ധന ഒഴിവാക്കും. വിദ്യാർത്ഥികൾക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാർശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാർത്ഥികൾക്ക് 40 കി.മീ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർദ്ധനയേ ഉണ്ടാകൂ.
നിയമസഭാ സമ്മേളനം ഫിബ്രുവരി 26 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പിൽ പുതുതായി 35 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
കേരള ഹൈക്കോടതി ജീവനക്കാരൂടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കാൻ തീരുമാനിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു.
ലേബർ കമ്മിഷണർ ആയി എ. അലക്‌സാണ്ടറിനെ നിയമിക്കാൻ തീരുമാനിച്ചു. നിലവിൽ ലേബർ കമ്മിഷണറായ കെ. ബിജുവിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കും. നിലവിൽ വ്യവസായ ഡയറക്ടറായ കെ.എൻ. സതീഷിനെ ലാന്റ് ബോർഡ് സെക്രട്ടറിയായി നിയമിക്കും.