കേരളത്തിൽ ശിശുമരണ നിരക്ക് ഏഴായി കുറയ്ക്കാനായിട്ടുണ്ടെന്നും ഇത് നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ മാതൃദിനമാണ്. അമ്മമാർക്കായി സമർപ്പിക്കപ്പെട്ട ദിനം. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നതാണ് കേരളത്തിന് ഏഴായി കുറയ്ക്കാൻ സാധിച്ചത്.

ശിശുമരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ നേട്ടമായാണ് യുഎന്നിന്റെ സുസ്ഥിരവികസന വിഭാഗം കരുതുന്നത്. ദേശീയ ശരാശരി 32 ആയിരിക്കെയാണ് കേരളം ഏഴിലേക്ക് എത്തുന്നത്. ഐക്യരാഷ്ട്രസഭപോലും 2020ൽ ശിശുമരണനിരക്ക് എട്ടിലേക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുമ്പോഴാണ് നാം ഇവിടെ ശിശുമരണനിരക്ക് ഏഴിലേക്ക് കുറച്ചത്. ആയിരം കുട്ടികൾ ജനിക്കുമ്പോൾ 993 കുട്ടികളും ജീവിക്കുന്ന അവസ്ഥ. അപ്പോഴും ഏഴു കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതു സങ്കടകരമാണ്. അതു പൂജ്യത്തിലേക്ക് കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.