എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കാരണകോടം, ചങ്ങാടംപോക്ക് തോടുകളെ തമ്മിൽ ബന്ധിപ്പിക്കാൻ തീരുമാനമായി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ആർ.എൽ പ്രതിനിധികളുമായി ഇക്കാര്യത്തിൽ ധാരണയായി. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ ഭാഗത്തെ വെള്ളക്കെട്ട് ഒരുപരിധിവരെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
റോഡിന്റെ വശങ്ങളിലെ കാനകളിലെ തടസങ്ങൾ മാറ്റി ചെളി നീക്കം ചെയ്യാൻ കെ.എം.ആർ.എല്ലിനെയും കൊച്ചി കോർപ്പറേഷനേയും ചുമതലപ്പെടുത്തി. നഗരത്തിലെ കാനകളിലൂടെയും ചെറുതോടുകളിലൂടെയും പ്രധാന തോടുകളിലെത്തുന്ന വെള്ളം കായലിലേക്ക് ഒഴുക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി തോമസ്, ടി.ജെ വിനോദ്, കൊച്ചി മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ എസ്. സുഹാസ്,
ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ബാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
