നെടുമ്പാശേരി : ലോക് ഡൌണിനെ തുടര്‍ന്ന്‍ വിദേശത്ത് കുടുങ്ങിയ മലയാളികളില്‍ സിംഗപ്പൂരില്‍ നിന്നും ദമാമില്‍ നിന്നുമുള്ള 305 പേര്‍ നെടുമ്പാശേരിയിലെത്തി. ദമാമില്‍ നിന്നും ആറ് കൈക്കുഞ്ഞുങ്ങള്‍ അടക്കം 174 പേരും സിംഗപ്പൂരില്‍ നിന്നും 131 പേരുമാണ് എത്തിയത്. ദമാമില്‍ നിന്നുള്ള ഐ എക്സ് 1924 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ രാത്രി 8.12 നാണ് നെടുമ്പാശേരിയിലെത്തിയത്.

 

ഈ വിമാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരായിരുന്നു. 38 പേരാണ് കൊല്ലം ജില്ലയില്‍ നിന്നും വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു തമിഴ്‌നാട്‌ സ്വദേശിയും ഉണ്ടായിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള ഐ എക്സ് 485 നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 10.50 നാണ് നെടുമ്പാശേരിയിലെത്തിയത്. ബംഗളുരു വഴി എത്തിയ വിമാനത്തില്‍ 131 മലയാളികളാണ് ഉണ്ടായിരുന്നത്. സിംഗപ്പൂരില്‍ നിന്നും വിമാനത്തില്‍ കയറിയ 180 പേരില്‍ 49 പേര്‍ ബംഗളുരുവില്‍ ഇറങ്ങി.