ആലപ്പുഴ: ലോക്ക്ഡൗൺ ഇളവിന് ശേഷം നാട്ടിലേയ്ക്ക് തിരികെ എത്തുന്നവർക്ക് സുരക്ഷിത വാസം ഉറപ്പിക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവരുടെ പാസ്സിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിമാരുടെ ലോഗിനിൽ ലഭ്യമായാലുടൻ ആ വ്യക്തിയുടെ വീട് ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് പരിശോധിച്ച് അറ്റാച്ച്ഡ് ബാത്തറും ഉൾപ്പെടെ ഹോം കാറന്റയിന് സൗകര്യമുണ്ടോ എന്ന് ഉറപ്പിക്കുന്നതാണ് ആദ്യ ഘട്ടം.

ഇതിനായി വ്യക്തിയുടെ ഫോണിലേയ്ക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് വീടിന്റെ ലോക്കേഷൻ കൃത്യമായി മനസ്സിലാക്കുന്നു. ഹോം ക്വാറന്റൈനില്‍ സൗകര്യമില്ലാത്ത വീടാണെങ്കിൽ ഇവരെ കോവിഡ് കെയര്‍ സെന്‍റിലേക്ക് മാറ്റാനുള്ള നടപടികളിലും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കാളികളാണ്. ജില്ലാ കളക്ടർ ഏറ്റെടുത്ത് നൽകുന്ന സെന്ററുകളിൽ കിടക്ക, ബഡ്ഷീറ്റ്, മഗ്ഗ്, ബക്കറ്റ്, സോപ്പ്, പേസ്റ്റ്, മെഴുകുതിരി തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് സജ്ജീകരിക്കുന്നു. ഇവിടെ തങ്ങുന്നവരുടെ കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്.

പാസ്സുകൾക്കുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ടീമിനെ നിശ്ചയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് ശ്രീകുമാർ അറിയിച്ചു. 79 ഗ്രാമപഞ്ചായത്തുകളിലായി 1169 വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ഹോ ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല മോണിറ്ററിംഗ് സമിതികൾ ചേർന്ന് ആവശ്യമായ ആസൂത്രണം സമയബന്ധിതമായി നടത്തിവരുന്നു. 7 വീതം പഞ്ചായത്തുകളെ മോണിറ്റർ ചെയ്യുന്നതിന് കോ-ഓർഡിനേറ്ററെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. (ഫോൺ നമ്പർ 0477-2252784, 0477- 2251599).