കോവിഡ് 19 വ്യാപനത്തെ തുടർന്ന് എല്ലായ്‌പോഴും മാസ്‌ക് ധരിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ ഏകദേശം 75,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അവരുടെ മാതാപിതാക്കളും അധ്യാപകരും പങ്കാളികളാകുന്ന ക്യാമ്പയിൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സൂം കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയൻ എന്നിവരും സംബന്ധിച്ചു.
കാര്യകാരണങ്ങൾ സഹിതം കുട്ടികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാൻ മുതിർന്നവർ എപ്പോഴും തയ്യാറായിരിക്കും എന്നതിനാലാണ് ഈ ക്യാമ്പയിൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുഖേന നടപ്പാക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. മുതിർന്നവരെ ബോധവൽക്കരിക്കാൻ കുട്ടികൾക്ക് അസാമാന്യമായ കഴിവാണുളളത്. ഈ കഴിവ് വിനിയോഗിച്ച് ക്യാമ്പയിൻ പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കും ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ലേൺ ടു ലിവ് വിത്ത് കോവിഡ് 19 എന്നാണ് ക്യാമ്പയിന് പേര് നൽകിയിരിക്കുന്നത്. മാസ്‌ക്കുകൾ ശരിയായി ധരിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും ഉപയോഗശേഷം നശിപ്പിക്കുന്നതും എങ്ങനെയെന്ന് ക്യാമ്പയിനിൽ പ്രതിപാദിക്കും. സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ കൃത്യമായി പാലിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതോടൊപ്പം രോഗിയെ അല്ല രോഗത്തെയാണ് ശത്രുവായി കാണേണ്ടത് എന്ന സന്ദേശവും പ്രചരിപ്പിക്കും. ജനമൈത്രി പോലീസ്, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, റോട്ടറി ക്ലബ്ബ്, നൻമ ഫൗണ്ടേഷൻ, മിഷൻ ബെറ്റർ ടുമാറോ എന്നിവയും ക്യാമ്പയിനുമായി സഹകരിക്കുന്നുണ്ട്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും യുവജനങ്ങളുടേയും സഹായത്തോടെ മാസ്‌കുകൾ നിർമ്മിച്ച് വിതരണം ചെയ്യുക, മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച സന്ദേശങ്ങൾ പോസ്റ്റ് കാർഡുകളിലൂടെ പരമാവധി പേരിലേക്ക് എത്തിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെയുൾപ്പെടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിൻ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒരുകോടി സെൽഫി എടുക്കാനുളള മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി.വിജയൻ പറഞ്ഞു.