ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കാനായി പോലീസ് ആരംഭിച്ച ഇ-വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടക്കം കുറിച്ചു.
പൊടിയക്കാല ട്രൈബല്‍ സെറ്റില്‍മെന്‍റ് കോളനിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി, കല്ലമ്പാറ ട്രൈബല്‍ സെറ്റില്‍മെന്‍റ് കോളനിയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി എന്നിവര്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങളും ടിവിയും നല്‍കിയാണ് പദ്ധതിക്ക് തുടക്കമായത്.. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ സാക്ഷരതയുളള പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിവ് സമയങ്ങളില്‍ കുട്ടികളുടെ വീട്ടിലെത്തി ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
ഫോട്ടോക്യാപ്ഷന്‍ : ഇ-വിദ്യാരംഭം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡിജിറ്റല്‍ പഠനോകരണങ്ങള്‍ കൈമാറുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയന്‍ എന്നിവര്‍ സമീപം.