13170 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വി ആർ പുരം സ്വദേശി ഡിന്നി ചാക്കോ (41) തിങ്കളാഴ്ച മരിച്ചു.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിലുള്ളത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിയായ 38 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവായ തൃക്കൂർ സ്വദേശി (35)യും പോസിറ്റീവായി.

അബൂദബിയിൽനിന്ന് വന്ന അയ്യന്തോൾ സ്വദേശിനി (78), അകലാട് സ്വദേശിനി (29), പുന്നയൂർക്കുളം സ്വദേശിനി (24), പടിയൂർ സ്വദേശിയായ ബാലിക (ആറ് വയസ്സ്), മാള സ്വദേശി (51), മുളംകുന്നത്തുകാവ് സ്വദേശി (65), മുല്ലശ്ശേരി സ്വദേശി (50) എന്നീ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു.

റഷ്യയിൽനിന്ന് വന്ന കുരിയച്ചിറ സ്വദേശിനി (21), കണിമംഗലം സ്വദേശിനി (22), കുന്നംകുളം സ്വദേശിനി (20), റഷ്യയിലെ മോസ്‌കോയിൽനിന്ന് വന്ന അടാട്ട് സ്വദേശി (59) എന്നീ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.

മസ്‌ക്കറ്റിൽനിന്ന് വന്ന കൊല്ലം സ്വദേശികളായ 68 വയസ്സുള്ള പുരുഷൻ, 59 വയസ്സുള്ള സ്ത്രീ, മസ്‌ക്കറ്റിൽനിന്ന് വന്ന മാള സ്വദേശി (36), ഒമാനിൽനിന്ന് വന്ന തൃശൂർ സ്വദേശിനി (40) എന്നിവർക്ക് രോഗം സ്ഥിരീകിച്ചു.

നൈജീരിയയിൽനിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (47), തൃശൂർ സ്വദേശി (36) എന്നീ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇതു കൂടാതെ തമിഴ്നാട്ടിൽനിന്ന് വന്ന എടക്കഴിയൂർ സ്വദേശി (32), ഇറ്റലിയിൽനിന്ന് വന്ന എടത്തിരുത്തി സ്വദേശി (29), ദൽഹിയിൽനിന്ന് വന്ന ഗുരുവായൂർ സ്വദേശി (51), കുവൈത്തിൽനിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (39), മുംബൈയിൽനിന്ന് വന്ന ഒല്ലൂർ സ്വദേശി (24), ജോർദ്ദാനിൽ വന്ന കാട്ടകാമ്പാൽ സ്വദേശി (50), ദുബൈയിൽ നിന്ന് വന്ന പരിയാരം സ്വദേശിനി (23), കണ്ണൂരിൽനിന്ന് വന്ന എടക്കുളം സ്വദേശി (47) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13039 പേരും ആശുപത്രികളിൽ 131 പേരും ഉൾപ്പെടെ ആകെ 13170 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (ജൂൺ 8) നിരീക്ഷണത്തിന്റെ ഭാഗമായി 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ്ജ് ചെയ്തു. 19 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 39 പേരെ വിട്ടയച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 726 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 1028 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.
തിങ്കളാഴ്ച (ജൂൺ 8) അയച്ച 29 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 3847 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 3000 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 847 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1285 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

548 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 33330 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച (ജൂൺ 8) 160 പേർക്ക് കൗൺസലിംഗ് നൽകി.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 677 പേരെ സ്‌ക്രീൻ ചെയ്തു. ശക്തൻ മാർക്കറ്റിൽ 192 പേരെ സ്‌ക്രീൻ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെളളാനിക്കര മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

കോവിഡ് ബാധിച്ച് ചാലക്കുടി സ്വദേശി മരിച്ചു
കോവിഡ് സ്ഥിരീകരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആർ.പുരം അസ്സീസി നഗർ സ്വദേശി ഡിന്നി ചാക്കോ (41) മരിച്ചു. അക്യൂട്ട് റെസ്പിറെറ്ററി ഡിസ്ട്രസ് സിൻഡ്രോം, ഹൃദയസ്തംഭനം എന്നിവയും മരണകാരണമായി. മാലി ദീപിൽ നിന്ന് തിരിച്ചെത്തിയ ഡിന്നി ചാക്കോയെ മെയ് 16-നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്റ്റേറ്റ് ബോർഡിന്റെയും ഐസിഎംആറിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി എല്ലാ ചികിത്സയും ഇദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നു. കോവിഡിനുളള ചികിത്സാവിധിയനുസരിച്ചുളള മരുന്നുകളും ആന്റിബയോട്ടിക് മരുന്നുകളും രോഗിക്ക് നൽകിയതായി മെഡിക്കൽ കോളേജ് പുറപ്പെടുവിച്ച വാർത്താ ബുളളറ്റിൻ വ്യക്തമാക്കി. വൃക്ക സ്തംഭനത്തെ തുടർന്ന് ഹീമോഡയാലിസിസ് നടത്തി. ശ്വാസതടസ്സം നേരിട്ടതിനാൽ വെന്ററിലേറ്ററിലും ആക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടയുകയാണ് ഉണ്ടായതെന്ന് മെഡിക്കൽ ബുളളറ്റിൻ വ്യക്തമാക്കി.

ചാലക്കുടി താലൂക്ക് ആശുപത്രി ഇനി മുതൽ കോവിഡ് ആശുപത്രി

ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രിയായി ചാലക്കുടി താലൂക്ക് ആശുപത്രിയെ പ്രഖ്യാപിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട കേസുകൾക്ക് താലൂക്ക് ആശുപത്രിയിൽ കൂടുതൽ പരിഗണന നൽകും. നിലവിൽ ഒരേ സമയം 60 പേർക്ക് കിടത്തി ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. രോഗ ലക്ഷണങ്ങൾ കുറവായി കാണുന്നവരെ കൊരട്ടി ഗാന്ധി ഗ്രാമം ഹ്യൂമൻ റിസോഴ്‌സ് സെന്ററിലെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റും. നിലവിൽ കോവിഡ് 19 ഫ്രണ്ട് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഹ്യൂമൻ റിസോഴ്‌സ് സെന്ററിനെ മാറ്റിക്കഴിഞ്ഞു. രോഗികളെ ഇവിടേക്ക് മാറ്റുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ സെന്ററിൽ സജ്ജീകരിക്കുന്ന നടപടികൾ തുടരുകയുയാണ്. ജനറൽ ഒ പി പ്രത്യേക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഇൻ പേഷ്യന്റ് സംവിധാനം മാറ്റുന്നതിനും ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗത്തിനുമായി സി സി എം കെ ആശുപത്രിയിൽ 50 ബെഡിനുള്ള സൗകര്യമൊരുക്കും. ശനിയാഴ്ചയാണ് താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സയാരംഭിച്ചത്.