എറണാകുളം: അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന മള്‍ട്ടിപര്‍പ്പസ് ഡിസിന്‍ഫെക്ടന്റ് സംവിധാനം കളക്ടറേറ്റില്‍ സ്ഥാപിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനു കീഴിലുള്ള വി.എസ്.ടി മൊബിലിറ്റി സൊലൂഷ്യന്‍സ് വികസിപ്പിച്ച യു.വി സ്‌പോട്ട് ഉപകരണത്തിന്റെ ഉദ്ഘാടനം കളക്ടര്‍ എസ് സുഹാസ് നിര്‍വ്വഹിച്ചു.

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ് യൂ.വി സ്‌പോട്ട് വികസിപ്പിച്ചത്. അള്‍ട്രാ വയലറ്റ് സുരക്ഷിതമായ വിവിധ തരത്തിലുള്ള പാത്രങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും അണുക്കളെ നീക്കം ചെയ്യാന്‍ യു.വി സ്‌പോട്ട് സഹായിക്കും. ശ്രീചിത്ര ലാബില്‍ നടന്ന പരീക്ഷണത്തില്‍ യന്ത്രം ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.