ആലപ്പുഴ: ജില്ലയിലെ ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലകളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മൂന്നാം ഘട്ടത്തിൽ അർഹരായ ഗുണഭോക്താക്കളിൽ ഭൂമി വാങ്ങുന്നവർക്ക് നേരിട്ട് ധനസഹായം നൽകുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും ഡെവലപ്മെന്റ് കമ്മീഷണറേയും കളക്ടർ ചുമതലപ്പെടുത്തി.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടാതെ പോയ പട്ടികജാതി- പട്ടിക വർഗ്ഗ, ഫിഷറീസ് വകുപ്പുകളുടെ പട്ടിക അന്തിമമാക്കാനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പട്ടികജാതി- പട്ടിക വർഗ്ഗ, ഫിഷറീസ് വകുപ്പുകളുടെ മേധാവികളെ ചുമതലപ്പെടുത്തി. അർഹരായവരുടെ പട്ടിക പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചു റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി വിലയിരുത്താൻ ജില്ലാ കളക്ടർ ചെയർമാനായും പ്രൊജക്റ്റ് ഡയറക്ടർ കൺവീനറായും ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അംഗങ്ങളായി ജില്ലാ അപ്പീൽ കമ്മിറ്റിയും രൂപീകരിച്ചു. ലൈഫ് – പി. എം. എ. വൈ ( ഗ്രാമം ) പദ്ധതിയിൽ അവശേഷിക്കുന്ന വീടുകൾ ജൂലൈ മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പ്രൊജക്റ്റ് ഡയറക്ടറെയും ചുമതലപ്പെടുത്തി.
പട്ടിക ജാതി വികസന വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിലെ ഭൂരഹിതരായവർ 2126 പേരാണ്. ഭൂമിയുള്ള ഭവന രഹിതർ 2409 പേരും. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കണക്കു പ്രകാരം 316 ഭൂരഹിത ഭവനരഹിതരും, 80 ഭൂമിയുള്ള ഭവന രഹിതരുമുണ്ട്. ഫിഷറീസ് വകുപ്പിന്റെ കണക്കു പ്രകാരം 325 ഭൂരഹിത ഭവന രഹിതരും 1740 ഭൂമിയുള്ള ഭവന രഹിതരുമാണ് ജില്ലയിൽ ആകെ ഉള്ളത്.
ലൈഫ് മൂന്നാം ഘട്ടത്തിൽ ജില്ലയിലെ 72 ഗ്രാമ പഞ്ചായത്തുകളിലും 6 മുൻസിപ്പാലിറ്റികളിലുമായി 7025 കുടുംബങ്ങളെയാണ് ഭൂരഹിത – ഭവന രഹിതരുടെ പട്ടികയിൽ അർഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്.
യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ പി. പി. ഉദയസിംഹൻ, പ്രൊജക്റ്റ് ഡയറക്ടർ വി. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.