പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. കെ എ നാസറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സമ്പര്‍ക്ക സാധ്യതയുടെ അടിസ്ഥാനത്തില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് 950 പേരുടെ രക്തസാമ്പിള്‍ ശേഖരിച്ചാണ് ആന്റിബോഡി ടെസ്റ്റ് നടത്തിയത്. ജൂണ്‍ 13 ന് ആരംഭിച്ച് മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടന്നത്.

ഗ്രൂപ്പ് ഒന്നില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടത്. ഇതില്‍ കോവിഡ് ആശുപത്രികളിലെ 100 പേരിലും നോണ്‍ കോവിഡ് ആശുപത്രികളിലെ 100 പേരിലുമാണ് പരിശോധന നടത്തിയത്.

ഗ്രൂപ്പ് രണ്ടില്‍ പൊതു ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതില്‍ നാലു വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തേണ്ടവരെ തിരഞ്ഞെടുത്തത്. ആദ്യവിഭാഗത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫീല്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 പേരില്‍ പരിശോധന നടത്തി. രണ്ടാം വിഭാഗത്തില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി കിച്ചണ്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 50 പേരിലാണ് പരിശോധന നടത്തിയത്. മൂന്നാമത്തെ വിഭാഗത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ട്രക്ക് ഡ്രൈവര്‍മാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള 25 പേരിലാണ് പരിശോധന നടത്തിയത്. നാലാമത്തെ വിഭാഗത്തില്‍ 50 അതിഥി തൊഴിലാളികളില്‍ പരിശോധന നടത്തിയിട്ടുണ്ട്.

ഗ്രൂപ്പ് മൂന്നില്‍ രണ്ടു വിഭാഗങ്ങളാണുള്ളത്. ഇതില്‍ ഹോം, ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്ന 200 പേരില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് നാലില്‍ 60 വയസ്സിനു മുകളിലുള്ള 200 പേരില്‍ പരിശോധന നടത്തി.

ഗ്രൂപ്പ് അഞ്ചില്‍ മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സമ്പര്‍ക്ക സാധ്യത ഇല്ലാത്തതും കഴിഞ്ഞ 10 ദിവസത്തിനകം ശ്വാസ കോശ അണുബാധ ഉണ്ടായതുമായ 50 പേരില്‍ പരിശോധന നടത്തിയിട്ടുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍ സമ്പര്‍ക്ക സാധ്യതയില്ലാത്തവരും സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര നടത്താത്തവരുമായ 25 പേരിലാണ് പരിശോധന നടത്തിയത്. മൂന്നാമത്തെ വിഭാഗത്തില്‍ 14 ദിവസത്തിനു മുന്‍പായി ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മറ്റു രാജ്യങ്ങളില്‍ നിന്നോ ജില്ലയിലെത്തിയ 50 പേരിലാണ് പരിശോധന നടത്തിയത്. ഡോക്ടര്‍, നഴ്‌സ്, ലബോറട്ടറി ടെക്‌നീഷ്യന്‍, അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരടങ്ങുന്ന ടീമുകളാണ് ഓരോ വിഭാഗങ്ങള്‍ക്ക് അനുസരിച്ച് അതാത് സ്ഥലങ്ങളിലെത്തി പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിക്കുന്നതിനുസരിച്ച് പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.