എറണാകുളം: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്കിൽ മോക്ക്ഡ്രിൽ നടന്നു. നോർത്ത് പറവൂർ നഗരസഭയിലെ നാലാം വാർഡിൽ ആണ് മോക്ക്ഡ്രിൽ നടത്തിയത്. താലൂക്കിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനായി തയ്യാറാക്കി. റവന്യൂ, അഗ്നിശമന സേന, പോലീസ്, ആരോഗ്യം, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മോക്ഡ്രില്ലിൽ പങ്കെടുത്തു.

പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ട് ക്യാമ്പുകളാണ് തയ്യാറാക്കിയത്. ഒന്ന് സാധാരണ ജനവിഭാഗത്തിനും മറ്റൊന്ന് പ്രായമായവർക്കും വേണ്ടിയുള്ളതാണ്. പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലേക്ക് കോവിഡ് 19 നിരീക്ഷണത്തിൽ ഉള്ളവരെയും തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിലേക്ക് കോവിഡ് 19 ലക്ഷണങ്ങൾ ഉള്ളവരെയും മാറ്റി.

മോക്ഡ്രില്ലിന് ശേഷം ഫോർട്ട്കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം നടന്നു. പറവൂർ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, തഹസിൽദാർ എം.എച്ച് ഹരീഷ്, ജോയിൻ്റ് ആർ.ടി.ഒ രാജൻ എൻ.ആർ, ഇൻ്റർ ഏജൻസി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.