കാസർഗോഡ് : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 42 പേര്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. സാഫല്യം ഭവന പദ്ധതിയിലൂടെയാണ് ദുരിതബാധിതര്‍ക്ക് സ്വന്തമായി വീട് ലഭിച്ചത്. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു ഗുണഭോക്താക്കള്‍ക്ക് പ്ലോട്ട് നിശ്ചയിച്ചത്. എന്‍മകജെ വില്ലേജിലെ 36 വീടുകളും സത്യസായി ട്രസ്റ്റ് വഴി നിര്‍മിച്ചു നല്‍കിയ ഹൊസ്ദുര്‍ഗ് താലൂക്കിലെ ബാക്കിയുള്ള ഒമ്പത് വീടുകളുമാണ് നറുക്കെടുപ്പിനായി പരിഗണിച്ചത്.
സ്ഥലവും വീടുമില്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് വീട് നല്‍കുന്നതിനായി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ വഴി അന്വേഷണം നടത്തിയിരുന്നു. ഇങ്ങനെ കണ്ടെത്തിയ 951 കേസുകളില്‍ 15 പേര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ 202 പേരില്‍ നിന്നും 27 പേര്‍ക്കുമാണ് വീട് അനുവദിച്ചത്്. ബാക്കിയുള്ള മൂന്ന് വീടുകളിലേക്കും ഹൊസ്ദുര്‍ഗ് താലൂക്കില്‍ പെരിയയില്‍ നിര്‍മിക്കുന്ന 27 വീടുകളിലേക്കും വെള്ളരിക്കുണ്ട് നിര്‍മിക്കുന്ന വീടുകളിലേക്കുമുള്ള ഗുണഭോക്താക്കളെ പുതിയ അപേക്ഷകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
വീട് ലഭിക്കുന്ന ഗുണഭോക്താക്കള്‍ പട്ടയം ലഭിക്കുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. പട്ടയം ലഭിച്ച് ഒരു മാസത്തിനകം അനുവദിച്ചിരിക്കുന്ന വീടുകളില്‍ താമസം തുടങ്ങണം. അല്ലാത്ത പക്ഷം പട്ടയം റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വീടുകള്‍ ലഭിച്ചവര്‍ വെള്ളം വൈദ്യുതി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നല്‍കണം. ഇതിനുള്ള സാങ്കേതിക സഹായം റവന്യു വകുപ്പ് മുഖേന ലഭ്യമാക്കും.
ആദ്യ നറുക്കെടുപ്പ് കാസര്‍കോട് ആര്‍ഡിഒ ടി എം അഹമ്മദ് കബീര്‍ നിര്‍വഹിച്ചു. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യ ല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ വി ജെ ശംസുദ്ദീന്‍, കാസര്‍കോട് തഹസീല്‍ദാര്‍ എ വി രാജന്‍, മഞ്ചേശ്വരം തഹസീല്‍ദാര്‍ പി ജെ ആന്റോ, ഹൊസ്ദുര്‍ഗ് തഹസീല്‍ദാര്‍ എന്‍ മണിരാജ്, വെള്ളരിക്കുണ്ട് തഹസീല്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ റഷീദ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.