ആലപ്പുഴ :കോവിഡ് വന്നാലും വെള്ളപൊക്കമുണ്ടായാലും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കൈനകരിക്കാർ ഭക്ഷണ സാധനകളില്ലാതെ ബുദ്ധിമുട്ടില്ല. കൈനകരിയിലെ എല്ലാ വാർഡുകളിലും അരിയും പലവ്യഞ്ജനങ്ങളും, പച്ചക്കറിയും എത്തിച്ചു കുടുംബശ്രീയുടെ ഒഴുകുന്ന സൂപ്പർമാർക്കറ്റ് മാതൃകയാകുന്നു. കോവിഡ് ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിയ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒഴുകുന്ന സൂപ്പർമാർക്കറ്റ് വെള്ളപ്പൊക്കമുണ്ടായാലും ഭക്ഷണ സാധനങ്ങൾ എത്തിച്ചു ആളുകളെ സഹായിക്കാൻ സജ്ജമായിരിക്കുന്നത്.
കോവിഡ് ലോക്ക് ഡൗണിന്റെ കാലത്തു മിക്ക ഭാഗങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട പഞ്ചായത്തിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.അതിനെ തുടർന്നാണ് കുടുംബശ്രീ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത്. എന്നാൽ, ഇപ്പോൾ കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്ത തുകക്ക് ഹൌസ് ബോട്ട് വാടകക്ക് എടുത്ത് തുടങ്ങിയ ഒഴുകുന്ന സൂപ്പർമാർക്കറ്റ് കുടുംബശ്രീ അംഗങ്ങളായ കവിത, സുലജമ്മ, പ്രീത ഷൈൻ, പ്രീത ഓമനക്കുട്ടൻ എന്നിവർക്ക് മികച്ച വരുമാന മാർഗം കൂടിയായി തീർന്നിട്ടുണ്ട്. ഐ സി ഡി എസ് കോർഡിനേറ്റർ ആയ പ്രസീദ മിനിൽകുമാറും ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഒപ്പമുണ്ട് .കോവിഡ് കാലത്തു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടനാട്ടിലെ വീട്ടമ്മമാർക്ക് മാതൃകയാക്കാവുന്ന ഒന്നാണ് ഈ കുടുംബശ്രീ യൂണിറ്റിന്റെ ഈ സംരംഭം.