അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു.  വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുൾപ്പെടെ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള പരിപാടികൾ വിക്‌ടേഴ്‌സ് ചാനൽ വഴി 26ന് രാവിലെ 8.00 മുതൽ 8.30 വരെ സംപ്രേഷണം ചെയ്യും.

27നും 28നും രാവിലെ 8.00 മുതൽ പുനഃസംപ്രേഷണം ഉണ്ട്.  പരിപാടിയിൽ ലഹരിയുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യാർത്ഥം മൊബൈൽ ഫോണുകൾ സമ്മാനമായി നൽകും.  കൂടാതെ വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്കെതിരെ അണിചേർത്ത് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തിൽ വാട്‌സാപ്പ് ഹ്രസ്വചിത്ര മത്സരം, ട്രോൾ മത്സരം, കഥ/ കവിത മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.  വിജയികൾക്ക് സമ്മാനങ്ങൾ നൽകും.  കൂടുതൽ വിവരങ്ങൾ  Vimukthikerala ഫേസ്ബുക്ക് പേജിൽ.