പാലക്കാട്: പറമ്പിക്കുളം മേഖലയിലെ ഒറവന്‍പാടി കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് വ്യക്തിഗത വനാവകാശ രേഖ വിതരണം ചെയ്തതായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങളില്‍ 28 പേര്‍ക്കാണ് നിലവില്‍ വനാവകാശ രേഖ വിതരണം ചെയ്തത്. ബാക്കി രണ്ട് കുടുംബങ്ങളുടെ രേഖകള്‍ കൂടി ഉടന്‍ നല്‍കും. വനാവകാശ രേഖ ലഭിച്ചതോടെ കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന് ഇടപെടാനാകും.

ഒറവന്‍പാടി കോളനിയിലെ 30 കുടുംബങ്ങള്‍ 2009-10 കാലഘട്ടത്തില്‍ വനാവകാശം ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുകയും സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമിയുടെ ഉമസ്ഥാവകാശം സംബന്ധിച്ച് വനംവകുപ്പും സ്വകാര്യവ്യക്തിയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം മൂലം വനാവകാശം ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പും ജില്ലാ കലക്ടറും വിഷയത്തില്‍ ഇടപെട്ട് കുടുംബങ്ങള്‍ക്ക് അവകാശം സ്ഥാപിച്ചു നല്‍കി.

കെ.ബാബു എം.എല്‍.എ കൈവശാവകാശ രേഖകളുടെ വിതരണോദ്ഘാടനം നടത്തി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദാ തുളസീദാസ്, വൈസ് പ്രസിഡന്റ് ഗണേശന്‍, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ, നെന്മാറ ഡി.എഫ്.ഒ അനീഷ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം.മല്ലിക, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.രാജീവ്, മറ്റ് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.