കണ്ണൂർ ജില്ലയിലെ ആദ്യത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സെഡ് പ്ലസ് അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം ഏറ്റെടുത്ത ഫ്‌ളാറ്റില്‍  അഞ്ഞൂറ് രോഗികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സ ഉള്ളത്. എന്നാല്‍ രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ്   കൂടുതല്‍ സൗകര്യമുള്ള സ്ഥലം ഏറ്റെടുത്തിരിക്കുന്നതെന്ന് തഹസില്‍ദാര്‍ സി വി പ്രകാശന്‍ പറഞ്ഞു.

യുദ്ധകാലടിസ്ഥാനത്തിലാണ് ഫ്ളാറ്റ് ഏറ്റെടുത്ത് വെള്ളം വൈദ്യുതി അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായാണ് ജില്ലാ ആശുപത്രിക്ക് സമീപം നഗരത്തിന് അടുത്തുള്ള ഈ ഫ്ളാറ്റ് ഏറ്റെടുത്തത്. നിലവില്‍ വിദേശത്തു നിന്നും എത്തിയ മൂന്ന് പേരാണ് ഇവിടെ ഉള്ളത്.

രോഗികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ എല്ലാം ഫാളാറ്റില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും  പ്രകാരമാണ് നടപടി.

സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലക്യ,  അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി,  ജില്ല ലോ ഓഫീസര്‍ എന്‍ വി സന്തോഷ് കുമാര്‍,  ഡിവൈഎസ്പി പി പി സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഫ്‌ളാറ്റ് ഏറ്റെടുത്ത് സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.