ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി നടപ്പാക്കുന്നതായി മുഖ്യമന്ത്രി

മലപ്പുറം പൊന്നാനി താലൂക്കിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്തണം. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-ടാസ്‌കി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണമില്ലെങ്കിൽ കൂടി പരിശോധന നടത്തും. മാർക്കറ്റുകളിലും കോവിഡ് പരിശോധന നടത്തും.

കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള മെഡിക്കൽ ടീമിനെ ഈ പ്രദേശങ്ങളിൽ നിയോഗിക്കും. അടുത്ത മൂന്നു ദിവസം ക്ലസ്റ്റർ സോണിൽ വിപുലമായ പരിശോധനയും വീടുതോറുമുള്ള സർവ്വെയും നടത്താൻ നിർദേശം നൽകിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ കുറഞ്ഞത് 10,000 പരിശോധനകൾ നടത്തും.
കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതൽ കണ്ടെയിൻമെൻറ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ ക്ളസ്റ്ററുകൾ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കാനും, അതു സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുമാണ് ശ്രമിക്കുന്നത്.

കൃത്യമായ ഒരു ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിക്കും. ആപ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കിൽ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയിൽ, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കർശനമായി നിയന്ത്രിക്കും.
വീടുകൾ സന്ദർശിച്ച് ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ ബാധിച്ചവരുണ്ടോ എന്ന് കണ്ടെത്തി അവർക്ക് ആൻറിജൻ ടെസ്റ്റുകൾ നടത്തും. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ കോണ്ടാക്റ്റ് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം. അതുപോലെ കണ്ടെയ്ൻമെൻറ് സോണുകളിൽ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ നേരിടാനുള്ള സർജ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

അത്തരം സാഹചര്യത്തിൽ രോഗികളെ ആശുപത്രികളിൽ കൊണ്ടുവരുന്നത് തൊട്ട് ആശുപത്രികളിൽ അവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന വിശദമായ പ്ലാൻ ആണത്. ഇത്തരത്തിൽ രോഗവ്യാപനം തടയാനും, ഉണ്ടായാൽ നേരിടാനുമുള്ള പരമാവധി മുൻകരുതലുകൾ നമ്മൾ യഥാസമയം എടുക്കുന്നുണ്ട്. ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ നമുക്കത് കാര്യക്ഷമമായി നടപ്പിൽ വരുത്താൻ സാധിക്കൂവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.