എറണാകുളം: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ രക്ഷിത് ദുരന്ത നിവാരണ സേന അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി എൻ.ആർ സേനാംഗങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തിൻ്റെ 2019- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതിയാണ് ദുരന്ത നിവാരണ സേന. 50 സേനാംഗങ്ങളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയം ഉൾപ്പെടെയുള്ള ദുരന്ത മുഖങ്ങളിലും സേനയുടെ സഹായഹസ്തം ഉണ്ടാകും. ‘രക്ഷിത് സേന പറവൂർ’ എന്നാണ് സേനയ്ക്ക് നൽകിയിരിക്കുന്ന പേര്. 30 വനിതകളും 20 പുരുഷൻമാരും ഉൾപ്പെടുന്നതാണ് ടീം. പറവൂർ ഫയർ സ്റ്റേഷനിലുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് ദുരന്തനിവാരണ സേനയ്ക്ക് മുഖ്യ പരിശീലനംം നൽകിയത്.

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, അപകട പ്രതികരണം, അഗ്നിബാധ നിവാരണ പരിശീലനം, തിരച്ചിൽ രക്ഷാപ്രവർത്തനം, ദുരന്ത ലഘൂകരണ പ്രവർത്തനം എന്നിവയിൽ സേനയ്ക്ക് മികച്ച പരിശീലനം നൽകി. പൂർണ്ണ സജ്ജരായ ദുരന്തനിവാരണ സേന സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പ്രവർത്തനം തുടങ്ങിയത്.

ചടങ്ങിൽ ദുരന്തനിവാരണ സേനയ്ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകുകയും പരിശീലനം നൽകിയ പറവൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് രമ ശിവശങ്കരൻ, സെക്രട്ടറി ശ്രീദേവി കെ.ജി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ, ജനപ്രതിനിധികൾ, മറ്റ് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.