757 വനിതകൾ ഉൾപ്പെടെ 7592 പേർ പൊലീസ് വളണ്ടിയർമാരായി സേവനമനുഷ്ഠിക്കാൻ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും കൂടുതൽ വളണ്ടിയർമാർ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേർ. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകൾ ഉൾപ്പെടെ 2364 വളണ്ടിയർമാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് നൽകും.
മാസ്‌ക് ധരിക്കാത്ത 4716 സംഭവങ്ങൾ സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ക്വാറൻറൈൻ ലംഘിച്ച 10 പേർക്കെതിരെയും കേസ്സെടുത്തു. സൗദി അറേബ്യയിൽനിന്ന് കൂടുതൽ വന്ദേഭാരത് മിഷൻ വിമാനസർവീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിദേശങ്ങളിൽനിന്ന് നാട്ടിലെത്തുന്ന കുട്ടികളുടെ തുടർപഠനം ടിസി ലഭിക്കാത്തതുമൂലം തടസ്സപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും ഒൻപത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.