ഇടുക്കി: തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) ന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച്ച തുടങ്ങും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപാസിലെ സ്വകാര്യ ലോഡ്ജിലാവും പ്രവര്‍ത്തിക്കുക. ഇതിനായി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന ചികിത്സ ഉള്‍പ്പെടെ എല്ലാ നടപടികളും ഇവിടേക്ക് മാറ്റുന്നതിനാണ് തീരുമാനം. കോവിഡ് ട്രീറ്റ്‌മെന്റ് നടക്കുന്നതിനാല്‍ ഭാഗികമായി ഒഴിവാക്കിയ ജില്ലാ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനസ്ഥാപിക്കുന്നതിനായാണ് നടപടി.
ഇതിനായി തൊടുപുഴ നഗരസഭാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന കോവിഡ് 19 പ്രതിരോധ താലൂക്ക് തല ഏകോപന സമിതി യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാര്‍, സന്നദ്ധ – സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാ രോഗികളെയും ഇവിടെ പാര്‍പ്പിച്ചാണ് ചികിത്സ നല്‍കുക. ഇതിന്റെ ഭാഗമായി സ്രവ പരിശോധനക്ക് എത്തുന്നവരെയും, രോഗ ലക്ഷണമുള്ളവരെയും, രോഗികളെന്ന് സംശയിക്കുന്നവരെയും ഇവിടെയാണ് പ്രവേശിപ്പിക്കുക. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം സാംപിളുകള്‍ എടുക്കുന്നതിനായി എത്തുന്നവര്‍ക്കായും അവരെയെത്തിക്കുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായും പുതിയ കേന്ദ്രത്തില്‍ പ്രത്യേകം സൗകര്യമുണ്ടാവും.
രോഗികള്‍ക്കും സ്റ്റാഫുകള്‍ക്കും അഡ്മിനിസ്‌ട്രേഷനുമായി മൂന്ന് ബ്ലോക്കുകള്‍ പുതിയ കേന്ദ്രത്തില്‍ തയ്യാറാക്കും. രോഗികള്‍ക്കായി 100 കിടക്കകളാണ് ഇവിടെ തയ്യാറാക്കുക. കൂടുതല്‍ കിടക്കകള്‍ ആവശ്യം വന്നാല്‍ സമീപ സ്ഥലങ്ങളിലെ സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളില്‍ നിന്നും ഇവ ലഭ്യമാക്കുന്നതിനും ധാരണയായതായി ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറിയ്ക്കുന്നതിനായി ടി.വി., മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യവും ഇവിടെയേര്‍പ്പെടുത്തും.
നിലവില്‍ ജില്ലാ ആശുപത്രിയിലെ കൊറോണ വാര്‍ഡിലേക്ക് പ്രത്യേകം നിയോഗിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ഇവിടേക്ക് മാറ്റും. ഇത് കൂടാതെ കോവിഡ് സേവനത്തിനായുള്ള എന്‍.എച്ച്.എം. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പരിശീലനം ലഭിച്ചവരും പുതിയ സെന്ററിലുണ്ടാവും. സ്റ്റാഫുകള്‍ക്ക് വിശ്രമിക്കുന്നതിനും താമസിക്കുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നതിനുമുള്ള സൗകര്യങ്ങള്‍ പുതിയ കേന്ദ്രത്തിലുണ്ടാവും. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം തയ്യാറാക്കുന്നതിനായുള്ള അടുക്കളയുടെ പ്രവര്‍ത്തനവും ഇവിടെ തുറക്കും. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ ഉടന്‍ തന്നെ ഇവിടേക്ക് മാറ്റുന്നതിനും ധാരണയായി.
യോഗത്തില്‍ ആരോഗ്യ വകുപ്പ്, നഗരസഭ, പോലീസ്, റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., വ്യാപാരികള്‍, ബ്ലോക്ക് പഞ്ചായത്ത്, ലയണ്‍സ്, റോട്ടറി ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍, ഐ.എം.എ., ഗ്രാമ പഞ്ചായത്ത് പൊതുജനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
തൊടുപുഴക്ക് പുറമേ ചെറുതോണിയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) തുറക്കുനുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അജി.പി.എന്‍. സി.എഫ്.എല്‍.റ്റി.സി. യുടെ ജില്ലാ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും. തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കല്‍ ഓഫീസറായി ഡോ. കെ.സി. ചാക്കോയും നോഡല്‍ ഓഫീസറായി ഡോ. ജെറി സെബാസ്റ്റ്യനും പ്രവര്‍ത്തിക്കും. തൊടുപുഴ നഗരസഭാദ്ധ്യക്ഷ സിസിലി ജോസാണ് കേന്ദ്രത്തിന്റെ ചെയര്‍പേഴ്‌സണ്‍. ചെറുതോണിയിലേത് അടുത്ത ദിവസവും തൊടുപുഴയിലെ കേന്ദ്രം ഒരാഴ്ച്ചക്കുള്ളിലും പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
