എറണാകുളം : കളമശേരി മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി ആക്കി നിലനിർത്താൻ തീരുമാനിച്ച സാഹചര്യത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി കോവിഡ് ലക്ഷണം ഉള്ളവർക്കുള്ള ഒ. പി എറണാകുളം പി. വി. എസ് ആശുപത്രിയിൽ ആരംഭിക്കാൻ തീരുമാനമായി. കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ മന്ത്രിവി. എസ് സുനിൽകുമാറും ആശുപത്രി പ്രതിനിധികളും ആയി നടത്തിയ വീഡിയോ കോൺഫെറെൻസിങ് ചർച്ചയിൽ ആണ് തീരുമാനം. നിലവിൽ മെഡിക്കൽ കോളേജിൽ നടത്തിയിരുന്ന വിദഗ്ധ ചികിത്സകൾ എറണാകുളം ജനറൽ ആശുപത്രിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം ആശുപത്രിയിലെ കാർഡിയോളജി വിഭാഗവും ജനറൽ മെഡിസിൻ വിഭാഗവും കോവിഡ് സമ്പർക്കം മൂലം അടച്ചിരുന്നു. ആശുപത്രിയിലെ സ്ഥല പരിമിതിയും രോഗികളുടെ എണ്ണത്തിലെ വർധനവും കണക്കാക്കിയാണ് പുതിയ തീരുമാനം.
ഗുരുതരമായ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കായിരിക്കും പി. വി. എസ് ആശുപത്രിയിലെ ഒ. പി സംവിധാനം ലഭ്യമാക്കുക. നിസാരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് ടെലി മെഡിസിൻ വഴി ചികിത്സ നിർദേശങ്ങൾ നൽകും. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി കളമശേരിയിലേക്കും നെഗറ്റീവ് ആകുന്ന വിദഗ്ദ്ധ ചികിത്സാ ആവശ്യമുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും അയക്കും.
ഇതിന് പുറമെ ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളായ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി മഹാരാജ ജനറൽ ആശുപത്രി, മുവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിരീക്ഷണത്തിൽ ഉള്ള രോഗികളെ താമസിപ്പിക്കാനുള്ള സംവിധാനം വർധിപ്പിക്കാനും തീരുമാനമായി. എം. പി. ഹൈബി ഈഡൻ, എം. എൽ. എ. ടി. ജെ വിനോദ്, ഡി. എം. ഒ ഡോ. എൻ. കെ കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
