ഭിന്നശേഷി കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി വേലൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും വേലൂർ ഗ്രാമപഞ്ചായത്തിന്റെ 21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ഉൾപ്പെടെ 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
റീഹാബിലിറ്റേഷൻ സെന്ററിൽ ക്ലാസ് മുറികൾ, ഫിസിയോതെറാപ്പി മുറി, ഡൈനിങ് ഹാൾ എന്നിവയുണ്ടായിരിക്കും.
വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്നാണ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണം. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഡോ. വിനീത്, പഞ്ചായത്ത് സെക്രട്ടറി അനിതാ രാമൻ തുടങ്ങിയവർ പങ്കെടുത്തു.