കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയില്‍പെട്ട രണ്ട് പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയായി നാടിന് സമര്‍പ്പിച്ചു. വാവടുക്കം നീര്‍ത്തടത്തില്‍ നവീകരിച്ച തോര്‍ക്കുളം കുളവും കൊല്ലരംകോട് നീര്‍ത്തടത്തില്‍ നവീകരിച്ച പൂര്‍ത്തീകരിച്ച ബദിര കുളവുമാണ് ഉദ്ഘാടനം ചെയ്ത പ്രവൃത്തികള്‍.
2020 ല്‍ പണി ആരംഭിച്ച തോര്‍ക്കുളം നവീകരണ പദ്ധതിയില്‍ കുളത്തിന്റെ മൂന്ന് പടികളായി മൂന്ന് മീറ്റര്‍ ആഴം കൂട്ടുക, ഓരോ പടിയിലും ലാറ്ററൈറ്റ് പേവിങ്, കുളത്തില്‍ നിന്നും 20 ഏക്കറോളം വരുന്ന പാട ശേഖരത്തിലേക്ക് വെള്ളം എത്തിക്കാനുണ്ടായിരുന്ന കനാല്‍ രണ്ട് വശത്തും 30 മീറ്ററോളം രണ്ട് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നല്‍കി സംരക്ഷിക്കുക, കുളത്തിന്റെ മുന്‍ ഭാഗത്തുകൂടി കുത്തിയൊലിച്ചു വരുന്ന മഴ വെള്ളം ഡ്രൈനേജ് ചാനലിലൂടെ ഡ്രൈനേജ് പിറ്റില്‍ എത്തിച്ച് അതില്‍ നിന്നും വെള്ളം കുളത്തിലേക്ക് ഒഴുക്കി വിടുക, മുന്‍ വശത്ത് ഒരു മതില്‍ കെട്ടി സംരക്ഷിക്കുക, തുടങ്ങിയതാണ് പദ്ധതി. 26,48,985 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
2020ല്‍ നവീകരണ പ്രവൃത്തി ആരംഭിച്ച ബദിര കുളത്തിന്റെ നിലവിലുള്ള ആഴം 1.5 ഘന മീറ്റര്‍ കൂട്ടുക, കുളത്തിന്റെ വിസ്തൃതി നാലു ഭാഗത്തേക്കും വര്‍ധിപ്പിക്കുക, കുളത്തിന്റെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിക്കുക, കുളത്തിന് കൈവരിയും പടവുകളും നിര്‍മ്മിക്കുക തുടങ്ങി 9,82,736 രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയായത്.
പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു.
പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ ടി. അനന്തന്‍, പ്രൊജക്ട എഞ്ചിനീയര്‍ ടി. ആതിര, നീര്‍ത്തട സെക്രട്ടറിമാരായ ഇ. സുനിത, എ. പുരുഷോത്തമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌നേഹോപഹാരം ജില്ലാ കളക്ടര്‍ക്ക് കൈമാറി. പ്രൊജക്ട് ഡയറക്ടര്‍ പ്രദീപന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിച്ചു.