വയനാട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍. കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതികള്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലതലങ്ങളില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സമിതികള്‍ വിലയിരുത്തും.

രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ തലത്തിലമുള്ള ജനപ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.

ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്ര തലത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തും. പൊതുവില്‍ ഇപ്പോള്‍ ജാഗ്രത കുറഞ്ഞുപോയിട്ടുണ്ടെന്നും അത് തിരിച്ചു കൊണ്ടുവരാന്‍ ശക്തമായ ഇടപെടലുകള്‍ കൂട്ടായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനുളള സജ്ജീകരണം ഉടന്‍ തയ്യാറാകും. നിലവില്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്. ഇത് പരിശോധനഫലം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ആര്‍.ടി.പി.സി.ആര്‍ മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതോടെ ജില്ലയിലെ പി.സി.ആര്‍ പരിശോധനകള്‍ വേഗത്തിലാക്കാനാകും.

യോഗത്തില്‍ എ.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസി. കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, എ.ഡി.എം. മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) കെ. അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ഡി.പി.എം ഡോ. ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.