രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷിക്കാം
സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു.
2009-10 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി കോഴ്‌സിന് കേരള സിലബസിൽ ഒന്നാം വർഷ പ്രവേശനം നേടി 2019 മാർച്ച് വരെ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുകയും, ഏതെങ്കിലും സാഹചര്യത്തിൽ രണ്ടാംവർഷ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സാധിക്കാത്തതുമായ വിദ്യാർഥികൾക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്‌റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാംവർഷ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയശേഷം രണ്ടാംവർഷം കേരള സിലബസിൽ സ്‌കോൾ-കേരള മുഖേന പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും (ലാറ്ററൽ എൻട്രി വിഭാഗം) നിബന്ധനകൾക്ക് വിധേയമായി രണ്ടാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാം.
2009-10 അധ്യയനവർഷം മുതൽ, ഓപ്പൺ സ്‌കൂൾ/സ്‌കോൾ-കേരളയിൽ ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുകയും, ഒന്നാം വർഷ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുകയും എന്നാൽ 2020 മാർച്ച് വരെയുള്ള രണ്ടാംവർഷ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ വിദ്യാർഥികൾക്ക് അവർ മുമ്പ് രജിസ്റ്റർ ചെയ്ത സബ്ജക്ട് കോമ്പിനേഷനിൽ നിബന്ധനകൾക്ക് വിധേയമായി പുനഃപ്രവേശനത്തിനും അപേക്ഷിക്കാം.
ഇപ്രകാരം രണ്ടാംവർഷ പ്രവേശനം/പുനഃപ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ 16 മുതൽ ആഗസ്റ്റ് മൂന്നുവരെ www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട ഫീസടച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിൻറ് ഔട്ട്, മറ്റ് നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാ ഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നേരിട്ട് എത്തിക്കുകയോ സ്പീഡ് പോസ്റ്റ് /രജിസ്‌റ്റേഡ് തപാൽ മാർഗം അയക്കുകയോ ചെയ്യണം.
ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളും സ്‌കോൾ-കേരളയുടെ www.scolekerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369.