തദ്ദേശ മന്ത്രിയും കളക്ടറും സ്ഥലങ്ങൾ സന്ദർശിച്ചു

കോവിഡ് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന കുന്നംകുളത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനുള്ള സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കളക്ടർ എസ് ഷാനവാസും സ്‌പെഷ്യൽ ഓഫീസർ കെ ജീവൻ ബാബുവും നിയോജക മണ്ഡലത്തിലെയും കുന്നംകുളം താലൂക്ക് പരിധിയിലെയും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

രാവിലെ കുന്നംകുളം നഗരസഭ ഓഫീസ് അങ്കണത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും കോവിഡ് രോഗവ്യാപനത്തെക്കുറിച്ചും മുൻകരുതലിനെക്കുറിച്ചും ചർച്ച നടത്തി. അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്താൻ മന്ത്രി നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി കിഴൂർ ഗവ. പോളിടെക്‌നിക്, നഗരസഭ ടൗൺ ഹാൾ, കുന്നംകുളം ഗവ. ബധിര മൂക വിദ്യാലയം, കുന്നംകുളം ലോട്ടസ് പാലസ് ഓഡിറ്റോറിയം, പെരുമ്പിലാവ് അൻസാർ സ്‌കൂൾ, കൈപ്പറമ്പ് വിദ്യ എൻജിനീയറിങ് കോളേജ്, കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. സൗകര്യങ്ങൾ വിലയിരുത്തി ഉടൻ ഫസ്റ്റ് ലൈൻ സെൻറർ പ്രഖ്യാപിക്കും.

വിവിധ കേന്ദ്രങ്ങളിൽ മന്ത്രിക്കൊപ്പം കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, എ സി പി ടി എസ് സിനോജ്, സി ഐ കെ ജി സുരേഷ്, വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ് കുമാർ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉണ്ടായിരുന്നു.