കോവിഡ് പ്രതിരോധത്തിനിടയിലും വികസനവും ക്ഷേമവും മുന്നോട്ട് പോകും: മുഖ്യമന്ത്രി

പ്രളയ-പുനരധിവാസത്തിന്റെ ഭാഗമായി പട്ടികവർഗക്കാർക്കു വേണ്ടി നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ചെമ്പൻകൊല്ലി കോളനിയിൽ പൂർത്തിയാക്കിയ 37 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് വിലകൊടുത്തു വാങ്ങിയ 2.13 ഹെക്ടർ ഭൂമിയിൽ ഫെഡറൽ ബാങ്കിന്റെ സാമൂഹിക ഉത്തര വാദിത്ത ഫണ്ട് ഉപയോഗിച്ചാണ് വിടുകൾ പൂർത്തിയാക്കിയത്. പട്ടികവർഗക്കാർക്കുള്ള പാർപ്പിട പദ്ധതി മാതൃകാപരമായി നടപ്പാക്കിയ പട്ടികവർഗ വികസന വകുപ്പിനെയും അതിന് പിന്തുണ നൽകിയ ഫെഡറൽ ബാങ്കിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടവും ദുർബല വിഭാഗങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവർത്തനവും സർക്കാർ ഒന്നിച്ച് നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ അടച്ചിട്ട് നിഷ്‌ക്രിയമായി ഇരിക്കുകയല്ല, ക്ഷേമവും വികസനവും ഈ പ്രതിരോധത്തിനിടയിലും മുന്നോട്ടുകൊണ്ടുപോകുന്നു. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക
കൾ ഇതിനിടയിൽ നമുക്ക് കാണാൻ കഴിയും. ജീവൻ പണയം
വെച്ചാണ് ആരോഗ്യ പ്രവർത്തകർ സർക്കാരിനൊപ്പം നിൽക്കുന്നത്. ഈ അർപ്പണ ബോധമാണ് അതിജീവിക്കാൻ നമുക്ക് കരുത്തു പകരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തികഞ്ഞ ജാഗ്രതയോടെയാണ് നാടെന്നാകെ മഹാമാരിയെ നേരിടു
ന്നത്. എന്നാൽ നമ്മുടെ ജാഗ്രതയിൽ കുറവു വരുത്താൻ മനഃപൂർവ്വം ശ്രമിക്കുന്ന ദുഷ്ടശക്തികളുണ്ട്. ജനങ്ങളുടെ ജീവിതത്തിനാണ് അവർ ഭീഷണിയുയർത്തുന്നത്. സർക്കാരിനെ സംബന്ധിച്ച് മനുഷ്യജീവൻ രക്ഷിക്കുന്നതിലും പ്രധാനമായി ഒന്നുമില്ല.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒരു പ്രതിസന്ധിയും തടസ്സമായിക്കൂട എന്ന നിർബന്ധം സർക്കാരിനുണ്ട്. അതുകൊണ്ടാണ് പ്രളയ പുനർനിർമാണവും പുനരധിവാസനും ആദിവാസി ക്ഷേമവും പാവപ്പെട്ടവരുടെ ക്ഷേമത്തിനുള്ള നടപടികളും മുടക്കമില്ലാതെ പോകുന്നത്. പട്ടികവർഗ്ഗ വിഭാഗത്തിന് ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഭൂമിയും വീടുമാണ് പട്ടികവർഗ്ഗക്കാരുടെ മുഖ്യപ്രശ്‌നങ്ങൾ. ശാസ്ത്രീയ സമീപനങ്ങളിലൂടെ രണ്ടും പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിനും 10 സെന്റ് വീതം ഭൂമിയാണ് നൽകുന്നത്. കളിസ്ഥലം, കമ്യൂണിറ്റി ഹാൾ, ശ്മശാനം, കുടിവെള്ള പദ്ധതി എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. പട്ടികജാതി- പട്ടികവർഗ വികസന മന്ത്രി എ.കെ. ബാലൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, പി.വി. അൻവർ എം.എൽ.എ, പി.വി. അബ്ദുൾ വഹാബ് എം.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.