*വാർത്താക്കുറിപ്പ്*
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവനന്തപുരം
22 ജൂലൈ 2020

തിരുവനന്തപുരം ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ അടിയന്തര പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിൽ ചർച്ച നടന്നു. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ഇനി പ്രവർത്തനമാരംഭിക്കാനിരിക്കുന്നതുമായ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി. ജില്ലയിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അഞ്ചുതെങ്ങിൽ ആരംഭിച്ച ക്യാമ്പിൽ 14 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ നവജ്യോത് ഖോസ, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, ഡി.സി.പി ദിവ്യ ഗോപിനാഥ്, ജില്ല മെഡിക്കൽ ഓഫീസർ പി.പി. പ്രീത, ജലവിഭവ വകുപ്പ് എ.ഇ.ഒ കെ. അനിൽകുമാർ, റൂറൽ ഡി.പി.സി ബി.അശോകൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എസ്.എം.സാഹിർ, ജില്ലാ ഫയർ ഓഫീസർ എം.എസ്. സുവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.