തൃശ്ശൂർ: അരിമ്പൂർ, മണലൂർ ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാരായ 48 കുടുംബങ്ങൾക്ക് ആവശ്യാനുസരണം കുടിവെള്ളമെത്തിക്കുന്ന പദ്ധതികൾ മുരളി പെരുനെല്ലി എം എൽ എ നാടിന് സമർപ്പിച്ചു. മണലൂർ പഞ്ചായത്തിലെ അഞ്ചാം അഞ്ചാം വാർഡിലെ പട്ടികജാതി ഇറിഗേഷൻ സങ്കേതത്തിനോട് ചേർന്നുള്ള ഭൂമിയിലാണ് കുടിവെള്ള പദ്ധതിയുടെ കിണറും വാട്ടർ ടാങ്കും നിർമിച്ചത്.
ഇവിടത്തെ 28 കുടുംബങ്ങളുടെ ചിരകാല ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. മണലൂർ താഴം കോൾ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഈ കുടുംബങ്ങളുടെ ഏക ആശ്രയം വാട്ടർ അഥോറിറ്റിയുടെ പീച്ചിയിൽ നിന്നുള്ള ആഴ്ചയിൽ നിശ്ചിത നിവസം മാത്രമുള്ള ശുദ്ധജല വിതരണമായിരുന്നു. സമാന സാഹചര്യം തന്നെ അരിമ്പൂർ പഞ്ചായത്തിലും.
പതിനൊന്നാം വാർഡിലെ നായനാർ പട്ടികജാതി സങ്കേതത്തിലെ 20 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻ ദാസ് അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി, മണലൂർ അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മാരായ വിജി ശശി, സുജാത മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു.