വയനാട്: കാരാപ്പുഴ ജലസേചന പദ്ധതിയിലെയും സ്വാഭാവിക നീരുറവകളിലെയും വെള്ളമുപയോഗിച്ച് കാപ്പിത്തോട്ടങ്ങളില്‍ സൂക്ഷ്മ ജലസേചനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഇതിനുള്ള പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നതിനായി മുട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുത്തു. മുട്ടില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗത്തില്‍ ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

മൈനര്‍ ഇറിഗേഷന്‍, കൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായി പഞ്ചായത്തിലെകര്‍ഷകരുടെ കാപ്പിത്തോട്ടങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. യോഗത്തില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ  പി. ഭരതന്‍, കാരാപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ദീപ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശൈലി മോന്‍, കൃഷി ഓഫീസര്‍ ശ്രീകാന്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.