പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി കോന്നി-പ്ലാച്ചേരി ഭാഗത്ത് ഉള്‍പ്പെടുന്ന കോന്നി നിയോജക മണ്ഡലത്തിലെ റോഡ് നിര്‍മ്മാണം അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ച് വിലയിരുത്തി. കെ.എസ്.ടി.പി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയുള്ള റോഡ് നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിച്ചത്. റോഡ് വീതികൂട്ടി പുനര്‍നിര്‍മ്മിച്ച് ഡി.ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തി പൂര്‍ത്തീകരിക്കുന്നതാണ് പദ്ധതി. കോന്നി നിയോജക മണ്ഡലത്തിലെ പ്രധാന പാതയാണ് പുനലൂര്‍ മൂവാറ്റുപുഴ റോഡ്. പതിറ്റാണ്ടുകളായി പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് കിടക്കുന്ന റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഉന്നത നിലവാരത്തിലുള്ള റോഡ് കടന്നുപോകുന്ന ഇടമായി കോന്നി മാറും. ശബരിമല തീര്‍ത്ഥാടകരുടെ യാത്രയും സുഗമമാകും. സംസ്ഥാനത്ത് പ്രൊക്യൂര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ രീതിയില്‍ നിര്‍മ്മിക്കുന്ന ആദ്യ റോഡാണിത്.
പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള 82.11 കിലോമീറ്റര്‍ റോഡ് വികസനമാണ് കെ.എസ്.ടി.പി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ടെണ്ടര്‍ ചെയ്തത്. 737.64കോടി രൂപയാണ് ആകെ അടങ്കല്‍ തുക. ഇതില്‍ കോന്നി മുതല്‍ പ്ലാച്ചേരിവരെ 30.16 കിലോമീറ്ററിന് 274.24 കോടി രൂപയും പുനലൂര്‍ മുതല്‍ കോന്നിവരെയുള്ള 29.84 കിലോമീറ്ററിന് 226.61 കോടി രൂപയുമാണ് അടങ്കല്‍.
പ്ലാച്ചേരി മുതല്‍ കോന്നി വരെയുള്ള ഭാഗത്തെ വികസനത്തില്‍ കോന്നി നിയോജക മണ്ഡലത്തിലെ 13.06 കിലോമീറ്റര്‍ റോഡാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്.10 മീറ്ററില്‍ ടാറിംഗ് നടത്തും. ഇതിന്റെ ഇരുവശങ്ങളും രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മ്മിക്കും.
കോന്നി നിയോജക മണ്ഡലത്തില്‍ 16.2 കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രെയിനേജ് നിര്‍മ്മിക്കും. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഫൂട്ട് പാത്ത് കം ഡ്രെയിനേജും നിര്‍മ്മിക്കും. 1.46 കിലോമീറ്റര്‍ വി.ഡ്രെയിനും, 49 കള്‍വേര്‍ട്ടും, ഒരു മൈനര്‍ ബ്രിഡ്ജും, ഒരു പെഡസ്സ്‌റ്റെയിന്‍ ബ്രിഡ്ജും നിര്‍മ്മിക്കും. നിയോജക മണ്ഡലത്തില്‍ ഒരു മേജര്‍ ജംഗ്ഷനും, 10 മൈനര്‍ ജംഗ്ഷനുകളും വികസിപ്പിക്കും. എല്ലാ ബെസ് സ്റ്റോപ്പുകളും ബസ്‌ബേകളായി വികസിപ്പിക്കും. സ്ട്രീറ്റ് ലൈറ്റും ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമായുണ്ട്.
മൈലപ്ര പഞ്ചായത്തിലെ വളവുകള്‍ നേരെയാക്കുന്ന ജോലിയാണ് മണ്ഡലത്തില്‍ വേഗത്തില്‍ പുരോഗമിക്കുന്നത്. ഗതാഗതം വഴി തിരിച്ചുവിട്ടാണ് ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്നത്. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഈ ജോലികള്‍ കുറെക്കൂടി വേഗത്തിലാക്കാന്‍ കൂടുതല്‍ ആളുകളേയും മെഷിനറികളും എത്തിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്കി. പ്രധാന വളവുകള്‍ നേരെ ആകുന്നതോടുകൂടി റോഡപകടം വലിയ നിലയില്‍ കുറയ്ക്കാനാകും. 2021 ഡിസംബര്‍ വരെയാണ് നിര്‍മ്മാണ കാലാവധി.
കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കാന്‍ സര്‍ക്കാരില്‍ ആവശ്യമായ ഇടപെടല്‍ നടത്തുകയാണെന്ന് എം.എല്‍.എ പറഞ്ഞു. ഇതില്‍ 17 കിലോമീറ്റര്‍ കോന്നി മണ്ഡലത്തിലൂടെ കടന്നുപോകുന്നതാണ്. ഈ റീച്ചിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാര്‍ കൂട്ടായാണ് പരിശ്രമിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. പെരുമ്പാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
എം.എല്‍.എയോടൊപ്പം കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ജാസ്മിന്‍, അസി.എക്സി.എഞ്ചിനീയര്‍ ബി.ദീപ, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനിലാ ജോസ്, ലോകബാങ്ക് കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ ടി.രമേഷ്, സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് പെണ്ണമ്മ, പ്രൊജക്റ്റ് മാനേജര്‍ സുനില്‍ കുമാര്‍, ജയ്പൂര്‍ സി.ഇ.ജി കണ്‍സള്‍ട്ടിംഗ് കമ്പനി അസി. റസിഡന്റ് എഞ്ചിനീയര്‍ ലക്ഷ്മി നാരായണന്‍ തുടങ്ങിയവരും അവലോകനത്തില്‍ പങ്കെടുത്തു.