എറണാകുളം: താലൂക്ക്തല പരാതിപരിഹാര അദാലത്തായ സഫലത്തിലൂടെ കണയന്നൂര്‍ താലൂക്കിലെ വര്‍ഷങ്ങൾ നീണ്ട പരാതികൾക്ക് പരിഹാരം കണ്ടെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായാണ് പരാതിപരിഹാര അദാലത്ത് സംഘടിപ്പിച്ചത്. ഭര്‍ത്താവിന്റ നിര്യാണത്തെത്തുടര്‍ന്ന് ധനസഹായത്തിനായി അപേക്ഷിച്ച ആമ്പല്ലൂര്‍ വില്ലേജിലെ ചന്ദ്രിക സുബ്രഹ്മണ്യന്റെ പരാതിയില്‍ ദേശീയ കുടുംബക്ഷേമ പദ്ധതിയില്‍ നിന്നും അടിയന്തരമായി ധനസഹായം ലഭ്യമാക്കാന്‍ ജില്ലാ കളക്ടർ ഉത്തരവിട്ടു.
അദാലത്തില്‍ പരിഗണിച്ച 58 പരാതികളില്‍ 17 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. മറ്റ് പരാതികൾ തുടര്‍ നടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. സര്‍വ്വേ സംബന്ധമായ പരാതികളായിരുന്നു ഭൂരിപക്ഷവും.
അദാലത്തില്‍ എ.ഡി.എം സാബു കെ. ഐസക്, കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി. ആനന്ദ്, ഹുസൂര്‍ ശിരസ്തീദാര്‍ ജോര്‍ജ്ജ് ജോസഫ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.