മൂന്നാര്‍  രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.  കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
മരണമടഞ്ഞവര്‍
1. ഗാന്ധിരാജ് (48)
2. ശിവകാമി (38)
3. വിശാല്‍ (12)
4. രാമലക്ഷ്മി (40)
5. മുരുകന്‍ (46)
6. മയില്‍ സ്വാമി (48)
7. കണ്ണന്‍ (40)
8. അണ്ണാദുരൈ ( 44)
9. രാജേശ്വരി (43)
10. കൗസല്യ (25)
11. തപസ്സിയമ്മാള്‍ (42)
12. സിന്ധു (13)
13. നിധീഷ് (25)
14. പനീര്‍ശെല്‍വം( 50)
15. ഗണേശന്‍ (40)

• രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ (3 സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഐ.സി.യുവിലാണ്.
• പരിക്ക് പറ്റിയ പളനിയമ്മ (50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന്‍ (25) , ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍  ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണം
ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും അതി തീവ്ര മഴയുടെ സാധ്യത മുന്‍നിര്‍ത്തി കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ  എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും  ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുവാന്‍ പാടില്ലെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. അവധിയിലുള്ള എല്ലാ ജീവനക്കാരും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം.

മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കി രാജമലയിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇടുക്കിയിലെ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മെഡിക്കൽ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

രാജമലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

കാണാതായവരിൽ മൂന്നാർ വനം റെയ്ഞ്ചിലെയും ഇരവികുളം റെയ്ഞ്ചിലെയും മൂന്ന് വാച്ചർമാർ വീതം ഉൾപ്പെട്ടിട്ടുണ്ട്.  ഇടമലക്കുടിയിലുള്ളവർക്ക് യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് വനം വകുപ്പ് നൽകിയിരുന്ന ഒരു വാഹനവും ഒലിച്ചു പോയി.

മണ്ണിടിച്ചിലിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ആശ്വാസധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖമന്ത്രി അറിയിച്ചു

രാജമലയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ.