സമൂഹവും കുടുംബങ്ങളും നിശബ്ദതമാകുന്നത് പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതായി പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ഗൗരീദാസന്‍ നായര്‍ പറഞ്ഞു. അതിക്രമത്തിനിരയായ കുട്ടിയെ രക്ഷിക്കുന്നതിനുളള മാര്‍ഗ്ഗം നിശബ്ദതയാണെന്ന തെറ്റായ ചിന്തയിലേക്കാണ് സമൂഹം നടന്നു കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന പ്രത്യേകതരം വരേണ്യത കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയില്‍ പോക്‌സോ നിയമം മാധ്യമ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമത്തൊാഴിലാളികള്‍ എന്നതിനപ്പുറം മാധ്യമപ്രവര്‍ത്തകര്‍ സാമൂഹിക പരമായും രാഷ്ട്രീയപരമായും പ്രശ്‌നങ്ങളെ കാണണം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സഹതാപമല്ല അനുതാപവും മനുഷ്യത്വവുമാണ് മാധ്യമ പ്രവര്‍ത്തകനെ നയിക്കേണ്ടത്. ജീവിതം അതിന്റെ സങ്കീര്‍ണ്ണതകളില്‍ മനസിലാക്കുന്നവനാകണം മാധ്യമപ്രവര്‍ത്തകര്‍. പോക്‌സോ പോലുളള നിയമങ്ങള്‍ പ്രശ്‌നപരിഹാരമാണോ ഇനിയും മുന്നേറണമെന്ന ചിന്തയാണോ നല്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തണം. മനുഷ്യത്വ രഹിതമായ പത്രപ്രവര്‍ത്തനം സമൂഹത്തില്‍ ഏറെ ദോഷങ്ങള്‍ സൃഷ്ടിക്കുന്നു. മാധ്യമപ്രവര്‍ത്തനത്തിലെ മത്സരവും മനുഷ്യത്വ രഹിതമായ റിപ്പോര്‍ട്ടിംഗിന് കാരണമാകുന്നു. ഈ മത്സരങ്ങളില്‍ കുട്ടികള്‍, സ്ത്രീ, ദളിത്, ആദിവാസി തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ പെട്ടുപോകുന്നത് സമൂഹത്തിന് അപകടമാണ്. പോക്‌സോ അനുബന്ധമായ റിപ്പോര്‍ട്ടുകള്‍ നടത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ വില്ല•ാരാകരുതെന്നും അദ്ദേഹം പറഞ്ഞു.