പെട്ടിമുടി ദുരന്തം: തിരച്ചില്‍ ഊര്‍ജിതം
പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഏഴാം ദിവസവും തുടര്‍ന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് എന്നിവരും ഇവര്‍ക്കൊപ്പം പെട്ടിമുടിയിലെത്തി.
മന്ത്രിമാരുടെ സന്ദര്‍ശനം ദുരന്ത ബാധിതരുടെ ആശ്രിതര്‍ക്ക് ഏറെ ആശ്വാസമായി. ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മേഖല സന്ദര്‍ശിച്ച് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരന്തത്തില്‍ കാണാതായവരുടെയും മരണമടഞ്ഞവരുടെയും ആശ്രിതരുടെ ആശങ്കകള്‍ കേട്ട മുഖ്യമന്ത്രി അരമണിക്കൂറിന് ശേഷമാണ് പെട്ടിമുടിയില്‍ നിന്ന് മടങ്ങിയത്.
ഡീന്‍കുര്യാക്കോസ്എം.പി, എം.എല്‍.എ മാരായ ഇ.എസ് ബിജിമോള്‍, എസ്.രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, മുന്‍ എം.എല്‍.എ മാരായ കെ.കെ ജയചന്ദ്രന്, എ.കെ മണി, ഡി.ജി.പി ലോക്നാഥ് ബഹ്റ, ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, എസ്.പി ആര്.കറുപ്പസ്വാമി, സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, റവന്യൂ – വനം-പോലിസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
പെട്ടിമുടി ദുരന്തം രാജ്യത്തിന്റെ മുഴുവന്‍ വേദന: ഗവര്‍ണര്‍
ഏറെ ദു:ഖകരമായ ഒന്നാണ് പെട്ടിമുടി ദുരന്തമെന്നും കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ വേദനയാണ് ഈ ദുരന്തമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് പറഞ്ഞു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ ധൈര്യമുണ്ടാകട്ടെയെന്നു ആശംസിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
പെട്ടിമുടിയില്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ ടീ കൗണ്ടിയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും ഗവര്‍ണര്‍ പങ്കെടുത്തു.