കൊച്ചി: കൊച്ചിയിലെ മെട്രോ റെയില്‍വെ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ഫീഡര്‍ ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം അനുവദിച്ച് ട്രാന്‍സ്‌പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ ഉത്തരവായി. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പ്രത്യേക യൂണിഫോം അനുവദിച്ചത്. തുടക്കത്തില്‍ കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വ്വീസായും ഭാവിയില്‍ ബസ്സുകള്‍ക്കുള്ള അനുബന്ധസര്‍വ്വീസായും ഫീഡര്‍ ഓട്ടോ പ്രവര്‍ത്തിക്കും.
നീല, ചാര നിരങ്ങള്‍ ചേര്‍ന്ന ടര്‍ക്കോയിസ് നിറത്തിലുള്ള അരക്കയ്യന്‍ ടീ ഷര്‍ട്ടും കറുത്ത നിറത്തിലുള്ള പാന്റ്‌സുമാണ് ഫീഡര്‍ ഡ്രൈവര്‍മാരുടെ യൂണിഫോം. പേരും മറ്റു വിവരങ്ങളും വ്യക്തമാക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാഡ്ജും ഡ്രൈവര്‍മാര്‍ അണിയും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം സൗജന്യമായി നല്‍കും. കൊച്ചി മെട്രോ അധികൃതരും യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുതിയ യൂണിഫോം സംബന്ധിച്ച് തീരുമാനമെടുത്തത്. സീനിയര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.ജി. സാമുവല്‍, ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. അജിത്കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കിലയുമായി സഹകരിച്ച് പരിശീലനം നല്‍കിയ മുന്നൂറോളം ഡ്രൈവര്‍മാരാണ് ആദ്യഘട്ടത്തില്‍ ഫീഡര്‍ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കുക. റോഡ് സുരക്ഷ, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. ഓട്ടോയാത്രയുടെ സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം വരുത്തി മാതൃകാ ഡ്രൈവര്‍മാരാക്കുകയെന്ന ലക്ഷ്യമാണ് ഈ സംരംഭത്തിനുള്ളത്. ഫീഡര്‍ ഓട്ടോറിക്ഷകള്‍ സര്‍ക്കാര്‍ അംഗീകൃത നിരക്കിലാണ് ഓടുകയെന്ന് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. അജിത്കുമാര്‍ പറഞ്ഞു. ഷെയര്‍ ഓട്ടോ രീതിയിലാണ് ഇവ പ്രവര്‍ത്തിക്കുക. ഒരാള്‍ മാത്രമായി ഉപയോഗിക്കുമ്പോള്‍ മുഴുവന്‍ നിരക്കും ഈടാക്കും. രണ്ടോ മൂന്നോ പേര്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ അതനുസരിച്ചുള്ള ഭാഗിക നിരക്ക് നല്‍കിയാല്‍ മതിയാകും.
ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപം നല്‍കിയിട്ടുണ്ട്. ഫീഡര്‍ റൂട്ടുകള്‍ നിശ്ചയിക്കുക, വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ നടപടികളും കെ.എം.ആര്‍.എല്‍ ആരംഭിച്ചിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലെ 15000 ഓട്ടോറിക്ഷകളെയും ഒരൊറ്റ സംവിധാനത്തിന് കീഴിലാക്കുന്നത് ലക്ഷ്യമിടുന്ന സഹകരണസംഘം രൂപീകരണം അന്തിമഘട്ടത്തിലാണ്.