ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നൂറ് കിടക്കകളോടുകൂടിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. കരിക്കാട് സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്.
 നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴിലുളള ഡോക്ടര്‍മാരും നേഴ്സുമാരും അടങ്ങിയ മെഡിക്കല്‍ സംഘം സി എഫ് എല്‍ സി ടിയുടെ ചുമതല ഏറ്റെടുത്തു. പാരിഷ് ഹാളില്‍ ക്ലീനിംഗ് സ്റ്റാഫില്‍പ്പെടുന്ന വോളണ്ടിയര്‍ ടീമിനുളള പരിശീലന ക്ലാസ്സും നല്‍കി. മുന്നൂറ് കിടക്കകളുളള പുതിയ സെന്റര്‍ കൂടി തുടങ്ങുന്നതിനുളള അംഗീകാരവും ജില്ലാകളക്ടര്‍ പഞ്ചായത്തിനു നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. ടി.വിയും, പുസ്തകങ്ങളും ഉള്‍പ്പെടെയുള്ള  സംവിധാനങ്ങളും ഇവിടെയുണ്ട്. സെന്ററില്‍ എത്തുന്നവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നത് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ചെയര്‍മാനായും ഡോ.അമ്പിളി നോഡല്‍ ഓഫീസറായുമുഉളള പഞ്ചായത്ത്തല മോണിറ്ററിംഗ് ടീമാണ് സെന്റിന്റെ പ്രവര്‍ത്തന ചുമതല വഹിക്കുന്നത്.