നവകേരളീയം കുടിശിക നിവാരണം2020 രണ്ടാംഘട്ട കാമ്പെയിൻ സെപ്തമ്പർ ഒന്ന് മുതൽ ആരംഭിക്കും. 2020 ഒക്ടോബർ 31 വരെ കാമ്പെയിൻ ഉണ്ടായിരിക്കും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശ്ശിക നിവാരണം. പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീർക്കാനാകും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ക്യാൻസർ ബാധിതർ, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവർ, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, എയ്ഡ്‌സ് രോഗം ബാധിച്ചവർ, ലിവർ സിറോസിസ് ബാധിച്ചവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാനാകും.
വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്പാ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. എന്നാൽ ആർബിട്രേഷൻ/എക്‌സിക്യൂഷൻ ഫീസ്, കോടതിച്ചെലവുകൾ/പരസ്യച്ചെലവുകൾ എന്നിവ വായ്പക്കാരനിൽനിന്നും ഈടാക്കും. ഈ സാമ്പത്തിക വർഷം തുടക്കംമുതൽ കൃത്യമായി തവണകൾ അടച്ചുവരുന്ന വായ്പക്കാർക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നൽകാം.