എറിയാട് ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും എട്ട് വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുമായി പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്ത് പ്രദേശത്ത് താഴെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ ഒരു ദിവസം ഒരു പലവ്യഞ്ജനകട, ഒരു പച്ചക്കറി കട, എന്നിവ മാത്രം തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ കടയില്‍ നിന്നുള്ള സേവനങ്ങള്‍ വാര്‍ഡ്തല ആര്‍ ആര്‍ ടി പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കേണ്ടതാണ്.
സമയക്രമം: രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ.

കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു വാര്‍ഡിലെ ഒരു പ്രദേശത്ത് ഒരു പലവ്യഞ്ജന കടയും ഒരു പച്ചക്കറി കടയും തുറന്നു പ്രവര്‍ത്തിക്കണം. സാമൂഹിക അകലം പാലിച്ചും ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തിയും വ്യാപാരികൾ സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്
സമയക്രമം : രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ.

ഈ രണ്ടു മേഖലയിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വാര്‍ഡ് മെമ്പറും വ്യാപാരികളും തമ്മില്‍ ധാരണയാകണം. അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിന് (മരണം, ആശുപത്രി) എറിയാട് വില്ലേജ് നിവാസികള്‍ക്ക് അത്താണിയിലും അഴിക്കോട് വില്ലേജ് നിവാസികള്‍ക്ക് പുത്തന്‍പള്ളി മരപ്പാലം കൂടിയും പുറത്തു പോകാൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനം ലഭ്യമാണ്. അതിരൂക്ഷമായ വ്യാപനം നിലവിലുള്ള സാഹചര്യത്തില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും പോലീസ് അധികാരികളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: എറിയാട് പഞ്ചായത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

കോവിഡ് സമ്പര്‍ക്ക വ്യാപനമേറിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച എറിയാട് ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കോവിഡ് ബാധയുണ്ടായ മേഖലകളില്‍ എങ്ങനെ ഇടപെടണം, സ്വയരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ടീമിനെ പ്രാപ്തരാക്കുന്നതിനായിരുന്നു പരിശീലനം. അഴീക്കോട് ഇര്‍ഷാദ് മുസ്ലിം പള്ളി അങ്കണത്തില്‍ നടന്ന പരിശീലനത്തില്‍ പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്(പി പി ഇ കിറ്റ്) എങ്ങനെയാണ് ധരിക്കേണ്ടതെന്നും ഏതു തരത്തിലാണ് ഊരിമാറ്റേണ്ടതെന്നുമുള്ള ഡെമോണ്‍സ്ട്രേഷനും നടത്തി. അഴീക്കോട് ഫിഷിംഗ് ഹാര്‍ബറിലെ പ്രൈവറ്റ് കമ്പനിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹാര്‍ബര്‍ അടച്ചിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കം ഏറിയതിനെ തുടര്‍ന്ന് 1,3, 12,13,14,15,16,17,18,19,20,21,22,23 വാര്‍ഡുകള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണായും 4 മുതല്‍ 11 വരെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചിരുന്നു. ഈയവസരത്തിലാണ് ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

പഞ്ചായത്തംഗങ്ങളായ പ്രസീന റാഫി, പി എം അബ്ദുള്ള, മാടവന പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഭുവനേശ്വരി, ജെ പി എച്ച് സുഹറാബി, നഴ്‌സുമാരായ രാഗി, ഷെറിന്‍, ആശാ വര്‍ക്കര്‍മാരായ പുഷ്പി, താര എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.