സ്‌കൂളുകള്‍ തുറന്നില്ലെങ്കിലെന്താ.. ഓണ്‍ലൈന്‍ ക്ലാസുകളും പഠന ചര്‍ച്ചകളും സംശയ നിവാരണവും കോവിഡ് പ്രതിരോധമൊക്കെയായി അധ്യാപകര്‍ തിരക്കിലാണ്.പൂക്കളും സമ്മാനങ്ങളും നല്‍കി ആഘോഷിച്ച അധ്യാപക ദിനത്തിന് പകരം ഓണ്‍ലൈനുകളില്‍ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് ആശംസകളറിയിച്ചും അനുഭവങ്ങള്‍ പങ്ക് വെച്ചും ഇന്ന് നാം അധ്യാപക ദിനം ആഘോഷിക്കുന്നു.
ഈ കോവിഡ് കാലവും ഈ അധ്യാപക ദിനവും ഇവര്‍ക്ക് സ്പെഷ്യലാണ്. കുട്ടികളോട് നേരിട്ട് സംവദിക്കാത്ത വെര്‍ച്വല്‍ ക്ലാസ് മുറികളാണ് ഭാവി അധ്യായനം എന്ന തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഇത് സംഭവിക്കുമെന്നോ, സ്വയം അതിന്റെ ഭാഗമാകുമെന്നോ കരുതിയിരുന്നില്ലെന്ന് ചെറുവത്തൂര്‍ ബി ആര്‍ സി പ്രോഗ്രാം ഓഫീസര്‍ ബിജു രാജ് പറയുന്നു.
മാറിയ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി ഓരോ വീട്ടിലും അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ലളിതമായി ഓണ്‍ലൈനില്‍ ക്ലാസുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് അധ്യാപക ദിനത്തിലും അധ്യാപകര്‍. ജില്ലയില്‍ എസ് എസ് കെ യുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസുകാര്‍ക്കായി മലയാളം, കണക്ക് വിഷയങ്ങളും ഏഴാം ക്ലാസിലെ ഇംഗ്ലീഷ് ക്ലാസുകളുകളുമാണ് തയ്യാറാക്കുന്നത്.
ചന്തേരയിലെ വിനയചന്ദ്രന്‍ മാഷും നോര്‍ത്ത് തൃക്കരിപ്പൂരിലെ സിന്ധു ടീച്ചറും വെള്ളിക്കോത്തെ പ്രീത ടീച്ചറും വലിയപറമ്പയിലെ റീന ടീച്ചറും ഉദിനൂര്‍ സെന്‍ട്രലിലെ സന്തോഷ് സാറും ഒക്കെയടങ്ങുന്ന ഫസ്റ്റ് ബെല്‍ ടീം വിജയകരമായി മുന്നേറുകയാണ്.
ഭിന്നശേഷിക്കുട്ടികള്ക്കായുള് ള വൈറ്റ് ബോര്‍ഡില്‍ രണ്ടാം ക്ലാസുകാര്‍ക്കായുള്ള ക്ലാസുകള്‍ തയ്യാറാക്കുന്നത് ജില്ലയിലെ ബി ആര്‍സികളിലെ റിസോഴ്സ് ടീച്ചര്‍മാരാണ്. ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും മാത്രമല്ല അങ്കണവാടിയിലെ കൂട്ടുകാര്‍ക്കും ഓണ്‍ലൈന്‍ ലൈന്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്കായി ടീച്ചര്‍മാര്‍ ഓണ്‍ലൈന്‍ വഴി കഥകളും പാട്ടുകളുമൊക്കെയായി പഠനം ആഘോഷമാക്കുന്നു.എല്‍ പി യു പി വിഭാഗങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ നല്‍ക്കുന്ന വര്‍ക്ക് ഷീറ്റുകളുടെ കന്നട മീഡിയം ഷീറ്റുകള്‍ തയാറാക്കിയും ക്ലാസുകള്‍ നല്കിയും ഭാഷ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെയും അവര്‍ ചേര്‍ത്ത് നിര്‍ത്തി.
കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതോടൊപ്പം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് മാസ്‌കും സോപ്പും സാമൂഹിക അകലവും ശീലിപ്പിക്കാനും പാലിച്ചില്ലെങ്കില്‍ ശാസിക്കാനും നേര്‍വഴി കാണിക്കാനും മാഷ് പദ്ധതിയിലൂടെ നമ്മുടെ അധ്യാപകര്‍ നമുക്കൊപ്പമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ മടങ്ങിയെത്തിയപ്പോള്‍ അവരെ സ്വീകരിക്കാനും,വേണ്ടതെല്ലാം ചെയതു നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവരുണ്ടായിരുന്നു.