- പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ 32 ഏക്ര ഭൂമി 40 വർഷമായി കൈവശം വെച്ച് താമസിച്ചുവരുന്ന കുടുംബങ്ങളിൽ അർഹരായവർക്ക് പട്ടയം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇപ്പോൾ 101 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.
- ചിമ്മിനി ഡാമിന്റെ നിർമ്മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് പുനരധിവാസത്തിന് 7.5 ഏക്ര ഭൂമി നെഗോഷ്യബിൾ പർച്ചേസ് പ്രകാരം വാങ്ങുന്നതിന് തൃശ്ശൂർ ജില്ലാ കലക്ടർക്ക് അനുമതി നൽകാൻ തീരുമാനിച്ചു.
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെയും വിജ്ഞാന മുദ്രണം പ്രസ്സിലെയും ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചു.
- സംസ്ഥാനത്തിന്റെ ധനകമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമായി നിലനിർത്തുന്നതിന് കേരള ധനസംബന്ധമായ ഉത്തരവാദിത്വ നിയമത്തിൽ (2003) ഭേദഗതി വരുത്താനുളള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. 2019-20 വരെയുളള കാലയളവിലേക്ക് റവന്യൂ കമ്മി പൂർണ്ണമായും ഇല്ലാതാക്കാനും ധനകമ്മി മൂന്നു ശതമാനമായി നിലനിർത്താനും ബിൽ സർക്കാരിന് അധികാരം നൽകുന്നു.
- സംസ്ഥാന സാമൂഹ്യബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.
- ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടർ ആയി വി.എം. പ്രസന്നയെ നിയമിക്കാൻ തീരുമാനിച്ചു. ഇപ്പോൽ അഡീഷണൽ ഡയറക്ടർ ആണ് പ്രസന്ന.
- തലശ്ശേരി ചൊക്ലി ഗവൺമെന്റ് കോളേജിൽ ചരിത്ര വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
- ഇന്ത്യൻ നേവിയുടെ നേവൽ ആർമമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം മുട്ടത്തറ വില്ലേജിൽ 5.23 ഏക്ര ഭൂമി കമ്പോള വില ഈടാക്കി പതിച്ച് നൽകാൻ തീരുമാനിച്ചു. നേരത്തെ സർവ്വെ ഇൻസ്റ്റിറ്റ്യൂട്ടിന് അനുവദിച്ചിരുന്ന ഭൂമിയാണ് ആ തീരുമാനം റദ്ദാക്കി ഇന്ത്യൻ നേവിക്ക് നൽകുന്നത്.
- പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ (പാലക്കാട് മെഡിക്കൽ കോളേജ്) ഡയറക്ടറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
- ലോക ജലദിനം മാർച്ച് 22-ന് വിവിധ പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു.
- എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിനുളള പരിപാടി തയ്യാറാക്കാൻ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
- പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഇപ്പോൾ തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയായി കെ. ഗോപാലകൃഷ്ണ ഭട്ടിനെ നിയമിക്കാൻ തീരുമാനിച്ചു. ബിശ്വനാഥ് സിൻഹയാണ് ഇപ്പോൾ ഈ വകുപ്പിന്റെ സെക്രട്ടറി.