കോന്നി മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിന്റെയും ഒ.പി.യുടെയും ഉദ്ഘാടനം ജനങ്ങളിലെത്തിക്കാര്‍ ആവശ്യമായ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നതിനുള്ള സംഘം എം.എല്‍.എയോടൊപ്പം മെഡിക്കല്‍ കോളേജിലെ ഉദ്ഘാടന സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
ഇന്റര്‍നെറ്റിന്റെ അപര്യാപ്ത പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്ത സ്ഥിതിയുണ്ട്. ഉദ്ഘാടനത്തിനു മുന്‍പ് ഇതിന് പരിഹാരമുണ്ടാക്കും.
ഉദ്ഘാടന ചടങ്ങ് വിവിധ ഫെയ്‌സ്ബുക്ക് ലൈവ് വഴിയും പ്രാദേശിക ചാനലുകള്‍ വഴിയും ജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ ഉല്‍സവം പോലെ ഏറ്റെടുക്കേണ്ടിയിരുന്ന മെഡിക്കല്‍ കോളേജ് ഉദ്ഘാടനം കോവിഡ് കാരണമാണ് 50 ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങായി ചുരുക്കുന്നത്.
കോന്നിയുടെ ചരിത്രത്തിലെ വികസന മുന്നേറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി രേഖപ്പെടുത്താന്‍ പോകുന്ന ഉദ്ഘാടന ചടങ്ങ് തത്സമയം തന്നെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായും എം.എല്‍.എ അറിയിച്ചു.